പുഷ്പയിലെ ഐറ്റം ഡാൻസ് അഭിനയ ജീവിതത്തിലെ മറ്റൊരു വെല്ലുവിളിയെന്ന് സാമന്ത
അല്ലു അർജുൻ നായകനും ഫഹദ് ഫാസിൽ വില്ലനുമായി എത്തിയ സുകുമാർ ചിത്രം പുഷ്പ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ചുകൊണ്ട് ചിത്രം ബോക്സോഫീസിൽ മുന്നേറുന്നതിനിടയിൽ, താൻ അവതരിപ്പിച്ച ഐറ്റം ഡാൻസിനെപ്പറ്റിയുള്ള നടി സാമന്തയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ചർച്ചയാവുന്നു.
സിനിമാ ജീവിതത്തിൽ താൻ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചീത്ത കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. രസകരവും ഗൗരവ സ്വഭാവത്തിലുള്ളതുമായ വേഷങ്ങളും ചെയ്തു. ചാറ്റ് ഷോ അവതാരകയുടെ വേഷവും കെട്ടി. ഏറ്റെടുക്കുന്ന എത് റോളും മികവുറ്റതാക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രകൃതക്കാരിയാണ് താൻ. എന്നാൽ സെക്സിയാവുന്നത് ഹാർഡ് വർക്കിൻ്റെ മറ്റൊരു തലമാണ്. അത് വിജയിച്ചതിൽ സന്തോഷമുണ്ട്. ഏവരും പ്രകടിപ്പിക്കുന്ന സ്നേഹത്തിന് നന്ദി എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാൻസിനെ ചൊല്ലി ഒട്ടേറെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഒറ്റ ഗാനരംഗത്തിൽ അഭിനയിക്കാൻ ഒന്നരക്കോടിയോളം രൂപയാണ് നടി പ്രതിഫലമായി വാങ്ങിയത് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതിൽ അക്കിനേനി കുടുംബം അസംതൃപ്തരാണെന്നും പറയപ്പെടുന്നു. പുരുഷന്മാരെ കാമാസക്തരായി ചിത്രീകരിക്കുന്നതാണ് ഗാനത്തിലെ വരികളെന്ന് ചൂണ്ടിക്കാട്ടി മെൻസ് അസോസിയേഷൻ കോടതിയെ സമീപിച്ചതും വാർത്താ ലോകത്ത് ഇടം പിടിച്ചിരുന്നു.