കല്യാണിക്കും കീർത്തിക്കും തൃഷയ്ക്കുമൊപ്പം ഗെറ്റ് റ്റുഗദർ ആഘോഷമാക്കി സാമന്ത
താര സൗഹൃദത്തിൻ്റെ ആഘോഷ രാവിലെ ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത അക്കിനേനി. കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, തൃഷ കൃഷ്ണൻ എന്നിവർക്കൊപ്പം പാർട്ടി ആഘോഷിച്ചതിൻ്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "താങ്ക്യൂ ഫോർ സച്ച് ഏൻ അമേസിങ്ങ് " ഈവനിങ്ങ് എന്ന അടിക്കുറിപ്പോടെ മൂവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത്.
മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയർ അവാർഡ് നാലു തവണ നേടിയിട്ടുള്ള സാമന്ത അടുത്തിടെയായി മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നത് ഭർത്താവ് നാഗചൈതന്യയുമായി വേർപിരിയാൻ ഒരുങ്ങുന്നു എന്ന ഗോസിപ്പ് വാർത്തകളിലൂടെയാണ്. നിരന്തരം വാർത്തകൾ വന്നിട്ടും പ്രതികരിക്കാൻ ഇരുവരും തയ്യാറാവാത്തതാണ് ഊഹാപോഹങ്ങൾ കനക്കാൻ കാരണമായത്. എൻ്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രി അമലയുടെയും തെലുഗിലെ സൂപ്പർ താരം നാഗാർജുനയുടെയും മകനായ നാഗചൈതന്യയുമായി സാമന്തയുടെ വിവാഹം നടന്നത് 2017 ലാണ്. പരമ്പരാഗത ഹിന്ദു ആചാരവും ക്രിസ്ത്യൻ ആചാരവും അനുസരിച്ച് രണ്ടുദിവസങ്ങളിലായി ഗോവയിൽ നടന്ന താരവിവാഹം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന പദം തൻ്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽനിന്ന് സാമന്ത അടുത്തിടെ ഒഴിവാക്കിയിരുന്നു. അതോടെയാണ് ഇരുവരും വേർപിരിയുകയാണ് എന്ന സംശയങ്ങൾ ഉയർന്നത്. ആരോപണങ്ങളോട് താരങ്ങൾ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാമിൽ 18.7 മില്യൺ ഫോളോവേഴ്സാണ് സാമന്തയ്ക്കുള്ളത്. തമിഴ്നാട്ടുകാരിയായ സാമന്ത, ഗൗതം മേനോൻ്റെ തെലുഗ് ചിത്രമായ 'യേ മായാ ചേസാവേ' യിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. നാഗചൈതന്യ ആയിരുന്നു ചിത്രത്തിലെ നായകൻ. തമിഴിലും തെലുഗിലുമായി അമ്പതോളം ചിത്രങ്ങളിൽ സാമന്ത വേഷമിട്ടിട്ടുണ്ട്. 'നീ താനേ എൻ പൊൻ വസന്തം', 'കത്തി', 'തെരി', മെർസൽ', 'രംഗസ്ഥലം', 'സൂപ്പർ ഡീലക്സ് ' എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.