കുന്നംകുളം സമ്പൂര്‍ണ ശുചിത്വ നഗരമാക്കാന്‍ പരിശീലനം

കുന്നംകുളം:

കുന്നംകുളം നഗരസഭ നല്ലവീട് നല്ലനഗരം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. മുഴുവന്‍ വീടുകളിലും മാലിന്യ സംസ്‌കരണ ഉപകരണവും ഹരിത കര്‍മസേന അംഗത്വവും ഉറപ്പുവരുത്തി നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ക്ലാസുകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനാണ് പരിശീലകരെ തയ്യാറാക്കുന്നത്.

പരിപാടിയുടെ ഭാഗമായി വാർഡ് തലത്തിൽ 50 മുതല്‍ 60 വരെ വീടുകളുള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ശുചിത്വ അയല്‍ക്കൂട്ട യോഗങ്ങള്‍ നടത്തും. പൊതുജനങ്ങളില്‍ ശുചിത്വാവബോധം സൃഷ്ടിക്കേണ്ടതിനും ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പ്രാപ്തരാകുന്നതിനുമാണ് യോഗങ്ങള്‍ നടത്തുക. ഓരോ വാര്‍ഡില്‍ നിന്നും രണ്ട് പേരെ വീതം റിസോഴ്‌സ് പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.

നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആര്‍ പി മാര്‍ക്കുള്ള പരിശീലന ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേര്‍സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.എം.സുരേഷ്, സോമശേഖരന്‍, പ്രിയ സജീഷ്, ഷെബീര്‍ സെക്രട്ടറി ടി.കെ.സുജിത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍, ശുചിത്വമിഷന്‍ പ്രതിനിധി വിനീത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍, എ.മോഹന്‍ദാസ്, പി.എ.വിനോദ് എന്നിവര്‍ സംസാരിച്ചു.

ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 1 വരെ നീണ്ടു നില്‍ക്കുന്ന ശുചിത്വ പരിപാടിയുടെ നയങ്ങളും നിയമങ്ങളും സംബന്ധിച്ച് നഗരസഭ സെക്രട്ടറി ടി.കെ.സുജിത് വിശദീകരിച്ചു.

എന്താണ് മലിന്യം എന്ന വിഷയം ഐആര്‍ ടി സി പ്രതിനിധി ശ്രേയസ് വല്‍സനും വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എ.വിനോദും മാലിന്യ സംസ്‌കരണം ചരിത്രവും അനുഭവവും സംബന്ധിച്ച് ജനകീയാസൂത്രണം ഉപാധ്യക്ഷന്‍ വി.മനോജ് കുമാറും

ഹരിതച്ചട്ടം / 3 ആര്‍ പ്രിന്‍സിപ്പിള്‍ എന്ന വിഷയഷത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.മോഹന്‍ദാസും ക്ലാസെടുത്തു.

ഓഗസ്റ്റ് 5 മുതല്‍ 10 വരെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇക്കോ ഗ്രീന്‍ ആന്റ് സാനിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഓഗസ്റ്റ് 31നകം എല്ലാ വാര്‍ഡുകളിലും ക്ലസ്റ്റര്‍ യോഗങ്ങള്‍ വിളിച്ചു കൂട്ടി പൊതു ജനങ്ങളില്‍ ശുചിത്വാവബോധ ക്ലാസുകള്‍ നടത്തുന്നതുമാണ്.

വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നഗരസഭ പ്രദേശത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനവും ഹരിതകര്‍മ്മ സേനാംഗത്വവും ഒരുക്കി കുന്നംകുളം നഗരസഭയെ നവംബര്‍ 1 നകം സമ്പൂര്‍ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുക എന്നതാണ് നല്ല വീട് നല്ല നഗരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.

Related Posts