ഫോണുകളടക്കം എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ ചാര്‍ജര്‍; നിയമം നടപ്പിലാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

രാജ്യത്ത് വിൽപനയ്ക്കെത്തുന്ന മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, ഹെഡ്ഫോണുകൾ തുടങ്ങിയ ഉപകരണങ്ങൾക്കെല്ലാം ഒരേ ചാർജിങ് പോർട്ടുകൾ തന്നെയാക്കാൻ നീക്കവുമായി യൂറോപ്യൻ യൂണിയൻ. ഈ തീരുമാനത്തിന് ഏറെ പാരിസ്ഥിതിക നേട്ടമുണ്ടന്നും യൂറോപ്യൻ കമ്മീഷൻ പ്രതിനിധി പറയുന്നു. എല്ലാ ഫോണുകൾക്കും ഉപയോഗിക്കാവുന്ന ചാർജറിനായി നേരത്തെ തന്നെ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഈ നീക്കത്തെ ഐഫോൺ നിർമാതാക്കളായ ആപ്പിൾ തള്ളിയിരുന്നു.

സ്മാർട്ഫോണുകൾ, ടാബ് ലെറ്റുകൾ, ക്യാമറകൾ, ഹെഡ്ഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, വീഡിയോ ഗെയിം കൺസോളുകൾ പോലുള്ള ഉപകരണങ്ങളിലെല്ലാം യു എസ് ബി-സി പോർട്ട് മതിയെന്നാണ് പുതിയ നിർദേശം. ചാർജറുകൾ ഉപകരണങ്ങൾക്കൊപ്പമല്ലാതെ പ്രത്യേകമായി വിൽക്കാം.

ഐഫോൺ നിർമാതാക്കളായ ആപ്പിളിന് ഇത് കനത്ത വെല്ലുവിളിയാകും. നിയമം നടപ്പിലായാൽ ഐഫോണുകളുടെയും മറ്റുചില കമ്പനികളുടെ ഹാൻഡ്സെറ്റുകളുടെയും ഡിസൈൻ തന്നെ മാറ്റേണ്ടിവരും. യുഎസ്ബി-സി ചാർജിങ് പോർട്ടുകൾ ഉപയോഗിക്കാൻ ആപ്പിളിന് ഐഫോണുകൾ പുനർരൂപകൽപന ചെയ്യേണ്ടി വന്നേക്കാം.

കഴിഞ്ഞ പത്ത് വർഷക്കാലമായി യൂറോപ്യൻ യൂണിയൻ ഇതിനായി ശ്രമിക്കുന്നുണ്ട്. ആപ്പിളിനെ ലക്ഷ്യമിട്ടുള്ള നീക്കമല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കുന്നു. ഒരു ദശാബ്ദം നീണ്ട ചർച്ചകൾ നടത്തിയിട്ടും ഇക്കാര്യത്തിൽ കമ്പനികൾക്ക് പരിഹാരം കാണാനായിട്ടില്ല.

'കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് അത്രയും ചാർജറുകൾ വാങ്ങേണ്ടിവരുന്നു, ഇതിന്റെ ആവശ്യമില്ല, ഞങ്ങൾ അത് അവസാനിപ്പിക്കുകയാണ്’ എന്നാണ് യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൻ പറഞ്ഞത്.

ഒരേ കണക്ടർ തന്നെ നിർബന്ധിതമാക്കാനുള്ള നീക്കത്തിൽ ആശങ്കയുണ്ടെന്ന് ആപ്പിൾ പ്രതികരിച്ചു. നൂതന ആശയങ്ങളെ ഇത് പിന്തുണയ്ക്കില്ലെന്നും ഈ നീക്കം യൂറോപ്യൻ ജനതയ്ക്കും ലോകത്താകമാനമുള്ള ഉപഭോക്താക്കൾക്കും ദോഷം ചെയ്യുമെന്നും ആപ്പിൾ പറയുന്നു.

ഏകീകൃത ചാർജറിൽ തീരുമാനമായാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ അത് നടപ്പിൽ വരുത്തണമെന്ന നിർദേശത്തിലും ആപ്പിൾ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ യൂറോപ്യൻ കമ്മീഷൻ ഇൻഡസ്ട്രി ചീഫ് തിയറി ബ്രെട്ടൻ ആപ്പിളിന്റെ വാദങ്ങളെ നിഷേധിച്ചു.

വ്യത്യസ്തങ്ങളായ ചാർജറുകൾ ഉപയോഗിക്കേണ്ടി വരുന്നതിൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതികളുയരുന്നുണ്ട്. ആപ്പിൾ ഫോണുകളിൽ ലൈറ്റ്നിങ് കേബിളാണ് ചാർജിങിനുള്ളത്. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ യു എസ് ബി സി ടൈപ്പ് കണക്റ്ററുകളാണുള്ളത്.

ഉപകരണങ്ങൾക്കൊപ്പം നൽകാത്ത ഒറ്റപ്പെട്ട ചാർജറുകൾക്കായി ആളുകൾ പ്രതിവർഷം 240 കോടി യൂറോ ( ഏകദേശം 2.8 ബില്യൺ ഡോളർ) ചെലവഴിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഉപഭോക്താക്കൾ പുതിയ ചാർജറുകൾ വാങ്ങുന്നത് ഒഴിവാക്കിയാൽ വർഷവും 25 കോടി യൂറോ ലാഭിക്കാമെന്നും യൂണിയൻ പ്രവചിക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ഓരോ വർഷവും യൂറോപ്യൻ യൂണിയൻ പ്രദേശത്ത് ഏകദേശം 11,000 ടൺ ചാർജറുകൾ വലിച്ചെറിയുന്നു. ഇത് പരിസ്ഥിക്ക് വൻ തലവേദനയാണ് എന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

Related Posts