സന്ദേശങ്ങൾക്ക് ഇന്ത്യയുടെ 'സന്ദേശ്'; മെസ്സേജിങ് ആപ്പ് രംഗത്ത് ഇന്ത്യയുടെ കാൽവെയ്പ്പ്.

ഐ ഒ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ വഴി സന്ദേശ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത പുതിയ മെസേജിങ് ആപ്പുമായി ഇന്ത്യൻ സർക്കാർ. ‘സന്ദേശ്’ എന്നാണ് പുതിയ മെസേജിങ് ആപ്പിന്റെ പേര്. വാട്സാപ്പിന് പകരം സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ് ഉപയോഗിക്കാനാണ് നീക്കം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻഐസി) ആണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നും അധികൃതർ.

ഐ ഒ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ വഴി സന്ദേശ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയുണ്ടെങ്കിൽ ആപ് ഉപയോഗിക്കാൻ സാധിക്കും. ആപ് വഴി ഉപയോക്താക്കൾക്ക് വോയ്സ്, ഡേറ്റാ കൈമാറ്റം പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഗവണ്‍മെന്റ് മെസേജിങ് സിസ്റ്റം അഥവാ ജിംസ് എന്നാണ് ഈ ആപ്പിന്റെ കോഡ് നാമം. വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ മാതൃകയിലാണ് പുതിയ ആപ്പിന്റെ നിർമാണം.

വാട്സാപ്പിന് സമാനമായ ചാറ്റിങ് മെസഞ്ചർ പുറത്തിറക്കുമെന്ന് ഒരു വർഷം മുൻപാണ് സർക്കാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സർക്കാർ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അത് ഒഴിവാക്കാൻ സാധിച്ചേക്കും.

വിദേശത്തു നിന്നു വരുന്ന ആപ്പുകള്‍ നിശ്ചയമായും സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്നതാണ് ഈ രീതിയില്‍ ചിന്തിക്കാന്‍ സർക്കാരിനെ പ്രേരിപ്പിച്ചത്. വാട്സാപ്പിന്റെയും മറ്റും രീതിയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഉൾപ്പെടുത്തിയാണ് സന്ദേശ് ആപ് അവതരിപ്പിച്ചത്.

സ്വന്തമായി നിര്‍മിക്കുന്ന ആപ് ആയതിനാല്‍ സന്ദേശ് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നത്. ആപ്പിന്റെ പ്രവര്‍ത്തനത്തിനു വേണ്ട സെര്‍വറും ഇന്ത്യയ്ക്കുള്ളില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ വിവരങ്ങള്‍ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലൗഡിലായിരിക്കും സൂക്ഷിക്കുക. എന്‍ ഐ സിയുടെ കീഴിലുള്ള ഡേറ്റാ സെന്ററുകള്‍ സർക്കാരിനും അതിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മാത്രമായിരിക്കും ഉപയോഗിക്കാനാകുക.

സന്ദേശിന്റെ ഐഒഎസ് വേര്‍ഷന്‍ 2019 സെപ്റ്റംബറിലാണ് ആദ്യമായി പരീക്ഷിച്ചത്. ഐ ഒ എസ് 11 മുതല്‍ മുകളിലേക്കുള്ള ഒ എസ് ഉള്ള ഐഫോണുകളിലും ഐപാഡുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കിറ്റ്കാറ്റ് (ആന്‍ഡ്രോയിഡ് 4.4.4) മുതലുള്ള ഫോണുകളിലും മറ്റും പ്രവര്‍ത്തിക്കും.

Related Posts