രാജ്ഞിവാഴ്ചയ്ക്ക് അന്ത്യം, ബാർബഡോസ് ഇനി റിപ്പബ്ലിക്ക്; ആദ്യ പ്രസിഡന്റായി സാന്ദ്ര മെയ്സൺ

ലോക ചരിത്രത്തിൽ ഒരു പുതുയുഗ റിപ്പബ്ലിക്ക് പിറവികൂടി. ബ്രിട്ടീഷ് ഭരണത്തിന് അന്തിമമായ അറുതി കുറിച്ചുകൊണ്ട് വരുന്ന നവംബർ 30-ന് നിലവിൽ ഗവർണർ ജനറലായ സാന്ദ്ര മെയ്സൺ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേൽക്കും. ബ്രിട്ടനിൽനിന്ന് 55 വർഷം മുമ്പ് സ്വാതന്ത്ര്യം കിട്ടിയെങ്കിലും എലിസബത്ത് രാജ്ഞിയാണ് ഇപ്പോഴും ഈ കരീബിയൻ രാജ്യത്തിന്റെ 'ഹെഡ് ഓഫ് സ്റ്റേറ്റ്.'

രാഷ്ട്രത്തിന്റെ ആദ്യ പ്രസിഡന്റായി ഹൗസും സെനറ്റും സാന്ദ്ര മെയ്സണെ തിരഞ്ഞെടുത്തെന്നും റിപ്പബ്ലിക്കിലേക്കുള്ള യാത്രയിൽ ഇതൊരു നാഴികക്കല്ലാണെന്നും ബാർബഡോസ് സർക്കാർ ട്വീറ്റ് ചെയ്തു. 72 വയസ്സാണ് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റിന്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രാജ്യം റിപ്പബ്ലിക്കിലേക്ക് ചുവടുവെയ്ക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ വരുന്നത്. കോളനി വാഴ്ചയ്ക്ക് പൂർണവിരാമം കുറിക്കാൻ സമയമായെന്ന് സാന്ദ്ര മെയ്സൺ തന്നെയാണ് പ്രഖ്യാപിച്ചത്. അരനൂറ്റാണ്ട് മുമ്പ് സ്വാതന്ത്ര്യം ലഭിച്ച രാജ്യത്തിന് സ്വയം ഭരണത്തിന് ശേഷിയുണ്ടെന്നാണ് അവർ പറഞ്ഞത്.

1625 മുതൽ ബാർബഡോസിൽ ബ്രിട്ടീഷ് ഭരണമാണ്. 1966 നവംബർ 30-നാണ് സ്വാതന്ത്ര്യം ലഭിച്ചത്. മൂന്നുലക്ഷമാണ് ഈ കരീബിയൻ രാജ്യത്തിന്റെ ജനസംഖ്യ. ആചാരങ്ങളിൽ പൂർണമായും ബ്രിട്ടീഷ് രീതികൾ പിന്തുടരുന്ന രാജ്യം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നതുതന്നെ 'ലിറ്റിൽ ഇംഗ്ലണ്ട് ' എന്നാണ്. താരതമ്യേന മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിനുള്ളത്. ടൂറിസം മേഖലയിൽ നിന്നാണ് പ്രധാനമായും വരുമാനം നേടുന്നത്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് മുമ്പ് പ്രതിവർഷം പത്തു ലക്ഷത്തിലേറെ വിദേശ വിനോദ സഞ്ചാരികൾ രാജ്യം സന്ദർശിച്ചിരുന്നു. അന്താരാഷ്ട്ര പ്രശസ്തയായ ഗായിക റിഹാനയുടെ ജന്മദേശം കൂടിയാണ് ബാർബഡോസ്.

Related Posts