ആദ്യബാച്ച് പഠിതാവിന് പ്രൊഫഷണൽ ഡിഗ്രി: സാക്ഷരത മിഷനിലൂടെ തിളങ്ങി സംഗീത

തൃശൂർ : അറിവ് നേടുന്നതിനും പഠനത്തിനും പ്രായം ഒരിക്കലും തടസമല്ലെന്ന് തെളിയിക്കുകയാണ് പുതുക്കാട് നെല്ലായ് സ്വദേശി സംഗീത നാരായണൻ. കേരള സാക്ഷരത മിഷനിലെ പഠിതാവ് പ്രൊഫഷണൽ ബിരുദ പഠനത്തിന് അഡ്മിഷൻ നേടുന്നു എന്ന അപൂർവനേട്ടമാണ് സംഗീത സ്വന്തമാക്കിയത്. 2015ൽ സാക്ഷരതാ മിഷൻ ആദ്യ ബാച്ചിലെ പഠിതാവായ സംഗീത എൽഎൽബി എന്ന സ്വപ്നം കൈയെത്തിപ്പിടിക്കാനുള്ള ഒരുക്കത്തിലാണ്.

സാഹചര്യങ്ങൾ കൊണ്ട് പഠനം ഇടയ്ക്ക് നിർത്തേണ്ടി വന്ന സംഗീത കെഎസ്ആർടിസി പുതുക്കാട് ഡിപ്പോയിലെ കണ്ടക്ടർ ആയി ജോലി നോക്കുമ്പോഴാണ് കേരള സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പ്ലസ് ടു കോഴ്സിനെപ്പറ്റി അറിയുന്നതും ആദ്യ ബാച്ചിൽ പ്രവേശനം നേടുന്നതും. നല്ല മാർക്കോടെ പ്ലസ്ടു പരീക്ഷ പാസാവുകയും തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസം വഴി സോഷ്യോളജി ബിരുദം പൂർത്തിയാക്കുകയും ചെയ്തു.

തുടർന്ന് എൽഎൽബി എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് വേണ്ടി പഞ്ചവത്സര എൽഎൽബി എൻട്രൻസ് പരീക്ഷ എഴുതുകയും എറണാകുളം പൂത്തോട്ട എസ് എൻ ലോ കോളേജിൽ പഞ്ചവത്സര എൽഎൽബി റഗുലർ പഠനത്തിന്ന് നാല്പത്തിയെട്ടാമത്തെ വയസിൽ പ്രവേശനം നേടുകയും ചെയ്തു. ലക്ഷ്യം ഉണ്ടായിരിക്കുക, അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുക എന്നതാണ് പ്രധാനമെന്ന് സംഗീത പറയുന്നു. മൂർക്കനിക്കര വീട്ടിൽ നാരായണൻ ആണ് ഭർത്താവ്. അശ്വിൻ, അശ്വിനി മക്കൾ.

Related Posts