വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയി; സാനിയ മിര്‍സ
മെൽബൺ: വിരമിക്കൽ പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്നും ഈ സീസണിന് ശേഷം ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും സാനിയ വ്യക്തമാക്കി. ഇത് കരിയറിലെ അവസാന സീസൺ ആയതിനാൽ ടൂർണമെന്റിനെ സമീപിക്കുന്നതിലെ കാഴ്ച്ചപ്പാട് മാറിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സാനിയ. മുൻകൂട്ടി പ്രഖ്യാപിച്ചതിനാൽ എല്ലാവർക്കും അതിനെ കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു.
വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. സത്യത്തിൽ ആ പ്രഖ്യാപനം കുറച്ച് നേരത്തെ ആയിപ്പോയെന്ന് തോന്നുന്നു. ഇപ്പോൾ അതിൽ എനിക്ക് ഖേദമുണ്ട്. കാണുന്നവരെല്ലാം അതിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചോദിക്കാനുള്ളത്.
ജയം മാത്രം ലക്ഷ്യമിട്ടാണ് എപ്പോഴും കളിക്കുന്നതെന്നും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും സാനിയ കൂട്ടിച്ചേർത്തു. സീസൺ അവസാനിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സാനിയ വ്യക്തമാക്കി.
ഇതേക്കുറിച്ച് തുടർച്ചയായി ചോദ്യങ്ങൾ വരുന്നത് താരത്തെ അസ്വസ്ഥപ്പെടുത്തുന്നത്. അതു പ്രകടിപ്പിക്കുന്നതായിരുന്നു സാനിയയുടെ മറുപടി. ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസിന് പിന്നാലെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് അവസാന സീസൺ ആയിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. മികസഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം കളിച്ച സാനിയ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. ഇതോടെ താരത്തിന്റെ ഈ സീസണിലെ ഓസ്ട്രേലിയൻ ഓപ്പൺ പ്രതീക്ഷകൾ അവസാനിച്ചു. ആതിഥേയരായ ഫൗളിസ്-കുബ്ലെർ ജോഡിയോടാണ് സാനിയ-രാജീവ് റാം സഖ്യം തോറ്റത്. സ്കോർ:4-6,6-7.