സ്പോർട്സിനോടുള്ള മനോഭാവം അടിമുടി മാറണം, ഒളിമ്പിക്സിന് ഒരുമാസം മാത്രമുള്ളപ്പോൾ കാണിക്കുന്ന ആവേശമല്ല വേണ്ടതെന്ന് സാനിയ മിർസ

രാജ്യത്ത് സ്പോർട്സിനോടുള്ള മനോഭാവത്തിൽ സമൂലമായ മാറ്റം വരണമെന്ന് ടെന്നിസ് താരം സാനിയ മിർസ. ഒളിമ്പിക്സിന് ഒരു മാസം മാത്രം ശേഷിക്കേ കാണിക്കുന്ന ആവേശം കൊണ്ട് കാര്യമില്ലെന്നും സാനിയ അഭിപ്രായപ്പെട്ടു.

ഏതെങ്കിലും ഒരു മേജർ ഈവന്റ് നടക്കുന്നതിന് മുന്നോടിയായാണ് ഇപ്പോൾ ആവേശം കാണിക്കുന്നത്. ആ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. സ്പോർട്സിൽ അടിമുടി ആവേശം കൊള്ളുന്ന ജനതയായി ഇന്ത്യക്കാർ മാറണം. ടോക്കിയോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഇത്തവണ ലഭിച്ച ഏഴും പത്തൊമ്പതും മെഡലുകൾ വലിയ നേട്ടമാണെന്നും ടെന്നിസ് താരം എടുത്തുപറഞ്ഞു.

"കൂടുതൽ മെഡലുകൾ നേടാൻ, ഒളിമ്പിക്സിന് രണ്ടാഴ്ചയോ ഒരു മാസമോ മുമ്പ് ആവേശം കൊണ്ടുതുടങ്ങുന്ന ഇന്നത്തെ രീതി മാറണം. ഇന്ത്യ മൊത്തത്തിൽ കായിക രാജ്യമായി മാറണം. സ്പോർട്സിനോടുള്ള സമീപനവും പ്രവർത്തന രീതിയും മൊത്തത്തിൽ മാറേണ്ടതുണ്ട്. സ്കൂളുകൾ കുട്ടികളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം. കോർപ്പറേറ്റുകൾക്കും ഈ രംഗത്ത് കാര്യമായ സംഭാവന ചെയ്യാനാവും," സാനിയ വ്യക്തമാക്കി.

സ്പോർട്സ് ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന ചിന്താപരമായ മാറ്റമാണ് വേണ്ടതെന്നും കുടുംബത്തിന്റെ പിന്തുണ ഇക്കാര്യത്തിൽ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

Related Posts