സഞ്ജയ് ലീല ബൻസാലിയുടെ 'ഗംഗുഭായ് കത്തിയവാഡി' തകർപ്പൻ ചിത്രമെന്ന് ആദ്യ പ്രതികരണങ്ങൾ
ആലിയ ഭട്ടിനെ നായികയാക്കി ബോളിവുഡിലെ മാസ് മൂവി മേക്കർ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാഡി മുഴുനീള എൻ്റർടെയ്ൻമെൻ്റ് ആണെന്ന് ആദ്യ പ്രതികരണങ്ങൾ. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രം എന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ഗുജറാത്തിലെ കത്തിയവാറിൽ നിന്ന് അഭിനയ മോഹവുമായി മുംബൈയിലേക്ക് യാത്രയാവുന്ന ഗംഗ എന്ന നിഷ്കളങ്കയായ പെൺകുട്ടി കാമാത്തിപ്പുരയിൽ എത്തിപ്പെടുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. മഹാനഗരത്തിലെ വേശ്യാത്തെരുവിൽ എത്തുന്ന ഗംഗ എങ്ങിനെയാണ് ഗംഗുഭായ് എന്ന മാഫിയ ക്വീൻ ആയി പരിണമിക്കുന്നതെന്ന് ചിത്രം പറഞ്ഞുതരുന്നു.
റിലീസിന് മുമ്പേ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയാണ് ഗംഗുഭായ് കത്തിയവാഡി. സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണമുയർത്തി കാമാത്തിപ്പുര നിവാസികളും കത്തിയവാഡ് സമുദായവും കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിലെ കാമാത്തിപ്പുര, കത്തിയവാഡ് പരാമർശങ്ങൾ ഒഴിവാക്കണം എന്നായിരുന്നു വ്യത്യസ്ത ഹർജികളിലെ ആവശ്യം.
ഹുസൈൻ സെയ്‍ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന കൃതി ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിൽ പറയുന്ന ഗംഗുഭായ് കൊത്തേവാലി എന്ന സ്‍ത്രീയുടെ ജീവിതകഥയാണ് സിനിമയ്ക്കുള്ള പ്രചോദനം. തകർപ്പൻ പ്രകടനമാണ് ആലിയ ഭട്ട് കാഴ്ചവെച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. റഹിം ലാല എന്ന അധോലോക നേതാവിൻ്റെ വേഷത്തിൽ അജയ് ദേവ്ഗണും ചിത്രത്തിലുണ്ട്.