കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനുമായ സഞ്ജു കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കും. സഞ്ജു ഒരു ദേശീയ ഐക്കണാണെന്നും അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്‍റെ പൊതു ഉദ്യമത്തിൽ ഒത്തുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ എല്ലായ്പ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും പിതാവ് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എല്ലായ്പ്പോഴും തന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു കായിക ഇനമാണെന്നും ബ്രാൻഡ് അംബാസഡറായി നിയമിതനായ ശേഷം സഞ്ജു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ബ്രാൻഡ് അംബാസഡറാകുന്നത് ഒരു ബഹുമതിയാണെന്നും ഫുട്ബോളിന്‍റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ തുടക്കം മുതൽ ക്ലബ് വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.