ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; ടി20 ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ നിന്ന് ശിഖർ ധവാനെ ഒഴിവാക്കുകയും സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ രോഹിത് ശർമ്മയും നയിക്കും. രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരുൾപ്പെടെയുള്ള സീനിയർ താരങ്ങൾ ടി20 പരമ്പരയിൽ കളിക്കില്ല. സൂര്യകുമാർ യാദവാണ് ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ടി20 ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ ഏകദിന പരമ്പരയുടെ വൈസ് ക്യാപ്റ്റനാകും. കെഎൽ രാഹുലിന്‍റെ സാന്നിധ്യമുണ്ടായിട്ടും പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. മോശം ഫോമും യുവതാരങ്ങളായ ശുഭ്മാൻ ഗില്ലിന്‍റെയും ഇഷാൻ കിഷന്‍റെയും മികച്ച പ്രകടനവും കാരണം ശിഖർ ധവാനെ ഒഴിവാക്കാൻ സെലക്ടർമാർ നിർബന്ധിതരായി. ഇതോടെ 37 കാരനായ ധവാന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി ചോദ്യചിഹ്നമായി മാറി. ശിവം മാവിയെയും മുകേഷ് കുമാറിനെയും ആദ്യമായി ടി20 ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശ് പര്യടനത്തിൽ ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന റിഷഭ് പന്തിന് ഇത്തവണ ഇരുടീമുകളിലും ഇടം ലഭിച്ചില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരും ടീമിൽ ഇല്ല. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവർ ഇരു ടീമുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

Related Posts