കാൻസർ രോഗിയായ കുഞ്ഞിന് പന്ത് ഒപ്പിട്ട് നൽകി സഞ്ജു
ഹരാരെ: സഞ്ജു സാംസൺ തന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോററായി മാറുകയും ചെയ്തു. എന്നാൽ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും തകർത്ത രണ്ടാം ഏകദിനം ഓർക്കാൻ സഞ്ജുവിനും ആരാധകർക്കും മറ്റൊരു കാരണവുമുണ്ട്. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് രണ്ടാം ഏകദിനം അർബുദത്തോട് പൊരുതുന്ന കുട്ടികൾക്കായി സമർപ്പിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ അർബുദത്തോട് പൊരുതുന്ന ആറ് വയസുകാരൻ തക്കുന്‍ഡയ്ക്ക് പന്ത് സമ്മാനമായി നൽകാൻ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. കുഞ്ഞു തകുന്ദയ്ക്ക് പന്ത് സൈൻ ചെയ്ത ശേഷം ഹൃദയസ്പർശിയായ ഒരു അനുഭവത്തിനാണ് താൻ സാക്ഷ്യം വഹിച്ചതെന്ന് സഞ്ജു പറഞ്ഞു. സഞ്ജുവിന് കൈകൂപ്പി തക്കുന്‍ഡ നന്ദി പറയുന്ന രംഗവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് തക്കുന്‍ഡയ്ക്ക് സിംബാബ്‌വെ താരങ്ങൾ ഒപ്പിട്ട ജഴ്സിയും 500 ഡോളറും സമ്മാനിച്ചു.