സാന്ത്വനതീരം പദ്ധതി; ഇനി 60 കഴിഞ്ഞവർക്ക് ചികിത്സാ സഹായം ലഭിക്കും
ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ (ഫിഷറീസ് ബോർഡ്) സാന്ത്വനതീരം പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞ പെൻഷൻകാർക്കും അനുബന്ധ തൊഴിലാളികൾക്കും ഇനി ചികിത്സാ സഹായം ലഭിക്കും. 60 വയസ് വരെയായിരുന്നു ഇതുവരെ സഹായം ലഭിച്ചിരുന്നത്. പ്രായമായവരും രോഗികളും ജോലി ചെയ്യാൻ കഴിയാത്തവരുമായ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇത് പ്രയോജനം ചെയ്യും. ഗുരുതരമായ രോഗങ്ങൾക്ക് അഞ്ച് വർഷത്തേക്ക് തുടർചികിത്സാ സഹായവും നൽകും. മത്സ്യത്തൊഴിലാളി പെൻഷന് പകരം സർക്കാരിന്റെ വാർധക്യകാല പെൻഷൻ ലഭിക്കുന്ന തൊഴിലാളികൾക്കും ഈ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കഴിഞ്ഞ ദിവസമാണ് ഫിഷറീസ് ഓഫീസുകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. മൂന്ന് വർഷത്തിൽ കുറയാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിട്ടുള്ളവർക്കും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. ഇതിനായി ഫിഷറീസ് ഓഫീസുകളിൽ നിശ്ചിതഫോറത്തില്‍ അപേക്ഷകൾ സമർപ്പിക്കണം.