സന്തോഷ് ട്രോഫി ഫൈനൽ മാമാങ്കം നാളെ; കേരളം ബംഗാളിനെ നേരിടും.
തിങ്കളാഴ്ച വൈകിട്ട് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ഫുട്‌ബോളിന്റെ ഹോട്ട്‌ബെഡുകളായ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും.
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ 32 കിരീടങ്ങളുമായി ബഹുദൂരം മുന്നിലുള്ള ബംഗാൾ, എന്നാൽ ഈ കേരളത്തെ നേരിടാൻ ഏറെ പണിപ്പെടും. ഗ്രൂപ്പ് ഘട്ടത്തിൽ കേരളം ബംഗാളിനെ 2-0 ന് തോൽപിച്ചിരുന്നു, ഇത് ബിനോ ജോർജിന്റെ പിള്ളേർക്ക് ഏറെ മനോവീര്യം നൽകുന്നതാണ്. ആ മത്സരത്തിന്റെ അവസാന 30 മിനിറ്റിൽ ബംഗാൾ കീപ്പർ പ്രിയന്ത് സിങ് കേരള മുന്നേറ്റ നിരയിൽ നിന്നും ഷോട്ടുകളുടെ പെരുമഴ നേരിട്ടിരുന്നു.
ആ തോൽവിക്ക് ശേഷം രഞ്ജൻ ഭട്ടാചാര്യയുടെ ശിഷ്യന്മാർ തിരിച്ചു വരവ് നടത്തി. അതിനുശേഷം എല്ലാ മത്സരങ്ങളും വിജയിക്കുകയും ചെയ്തു. മനോതോഷ് ചക്ലദാർ, ഫോർവേഡ് ഫർദിൻ അലി മൊല്ല എന്നിവരെപ്പോലെ പരിചയസമ്പന്നരായ കളിക്കാർ അവരുടെ 33-ാമത് സന്തോഷ് ട്രോഫി ഉയർത്താനുള്ള സാധ്യതകളിൽ നിർണായകമാകും. മാത്രമല്ല, 2017ൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരളത്തോട് ടൈബ്രേക്കറുകളിൽ തോറ്റത് അവർ മറന്നിട്ടുണ്ടാകില്ല.
സെമിഫൈനലിന് ശേഷം, ബംഗാൾ കോച്ച് ഭട്ടാചാര്യയുടെ വാക്കുകൾ ജാഗ്രതയോടെയായിരുന്നു. മണിപ്പൂരിനെതിരെ, നേരത്തെ ലീഡ് നേടിയതിന് ശേഷം അവരുടെ പ്രതിരോധക്കോട്ട വിള്ളൽ വീഴാതെ നിലനിർത്താനും സമ്മർദ്ദങ്ങളിൽ അടിമപ്പെടാതെ തന്ത്രപരമായി മുന്നേറാൻ തങ്ങൾക്ക് കഴിയുമെന്ന് സൂചിപ്പിച്ചു, അത് കേരളത്തിനെതിരെ വീണ്ടും തുടരാനാകുമെന്ന് തെളിയിക്കും. കേരള സ്‌ട്രൈക്കർമാർ അസാമാന്യ ഫോമിലായതിനാൽ ജെസിനും സെന്റർ ബാക്ക് തുഹിൻ ദാസും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടകയ്‌ക്കെതിരായ സെമിഫൈനലിൽ അഞ്ച് ഗോളുകൾ നേടി വാർത്തകളിൽ ഇടം നേടിയ ജെസിൻ തോണിക്കര ഇഞ്ചുറി ടൈമിലും ഗോൾ കണ്ടെത്തിയിരുന്നു.
ജെസിൻ തോണിക്കര
കർണാടകയ്‌ക്കെതിരായ സെമിയിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടിയതോടെ ഈ മുന്നേറ്റക്കാരൻ കേരള ആരാധകരുടെ നീലക്കണ്ണുള്ള പോരാളിയായി. 13 മിനുട്ട് കൊണ്ട് തന്റെ ഹാട്രിക്ക് ഗോളിന് മുന്നിൽ തന്റെ ക്ലിനിക്കൽ കഴിവ് പ്രകടമാക്കി. നൗഫലുമായും ജിജോ ജോസഫുമായുള്ള അദ്ദേഹത്തിന്റെ കൊമ്പിനേഷൻ മികച്ചതാണ്. ജെസിനെ തടയാൻ ബംഗാൾ ഡിഫൻഡർമാർ ഏറെ പണിപ്പെടും എന്നുറപ്പ്. തന്റെ അഞ്ച് ഗോളുകളോടെ 1999-ൽ നാഗാലാൻഡിനെതിരെ നാല് ഗോൾ നേടിയ ആസിഫ് സഹീറിന്റെ പേരിലുള്ള കേരളത്തിനായി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് അദ്ദേഹം മറികടന്നു.
അർജുൻ ജയരാജ്
ഈ കേരള നിരയിലെ ഏറ്റവും പരിചയസമ്പന്നനായ മിഡ്ഫീൽഡർ. ഐ-ലീഗിൽ ഗോകുലം കേരളയ്ക്കായി കളിച്ചിട്ടുള്ള അദ്ദേഹത്തിന് ഉയർന്ന തലത്തിൽ കളിക്കാൻ എന്താണ് വേണ്ടതെന്ന് അറിയാം. എതിർ നിരയുടെ ആക്രമണങ്ങളെ തകർക്കുന്നതിൽ അദ്ദേഹം സമർത്ഥനാണ്, കൂടാതെ വേഗത്തിലുള്ള കൗണ്ടറുകളും പാസിംഗ് കഴിവും അദ്ദേഹത്തിനുണ്ട്.
ഫർദിൻ അലി മൊല്ല
സന്തോഷ് ട്രോഫിയുടെ ഈ പതിപ്പിൽ മികച്ച ഫോമിലുള്ള സ്‌ട്രൈക്കർ. കീപ്പറെ കീഴ്പ്പെടുത്തി ബോഡി ഫെയ്‌ൻറ് ഉപയോഗിച്ച് തന്റെ മാർക്കറിനെ സമർത്ഥമായി മറികടന്ന് മണിപ്പൂരിനെതിരായ അദ്ദേഹത്തിന്റെ ഗോൾ മനോഹരമായിരുന്നു. ഇതുവരെ ആറ് ഗോളുകൾ അടിച്ച് മികച്ച ഫോമിലാണ്. 2017ലെ തോൽവിക്ക് പകരം വീട്ടാൻ നോക്കുമ്പോൾ തിങ്കളാഴ്ച രാത്രിയിലെ അദ്ദേഹത്തിന്റെ പ്രകടനം ബംഗാളിന് നിർണായകമാകും.
പ്രിയന്ത് സിംഗ്
ടൂർണമെന്റിലുടനീളം മിന്നുന്ന ചില സേവുകൾ നടത്തിയ കസ്റ്റോഡിയൻ, ഫൈനലിൽ തന്റെ ഏറ്റവും മികച്ച കാൽവെയ്പ്പ് നടത്തേണ്ടതുണ്ട്. 30 കാരനായ കീപ്പർക്ക് ഈസ്റ്റ് ബംഗാളിന്റെയും മുഹമ്മദൻസിന്റെയും ജേഴ്സിയിൽ കളിച്ച പരിചയമുണ്ട്, അത് ഈ മത്സരത്തിൽ നിർണായകമാണ്. സെമിഫൈനലിൽ മണിപ്പൂരിനെതിരെ അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. പിരിമുറുക്കമുള്ള നിമിഷങ്ങളിൽ പോലും ശാന്തനും സംയമനം പാലിക്കുന്നവനുമായ പ്രിയന്ത് ടീമിന് മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നുണ്ട്. കേരളത്തിനെതിരെ ജാഗ്രത പുലർത്തുന്ന ഒരാളായിരിക്കും അദ്ദേഹം.
ജിജോ ജോസഫ്
ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച ഫോമിലാണ് ക്യാപ്റ്റൻ ജിജോ ജോസഫ്. ഗ്രൂപ്പ് ഘട്ടങ്ങളിൽ രാജസ്ഥാനെതിരെ ഹാട്രിക്കും നേടിയിട്ടുണ്ട്. കളിയുടെ അവസാന മിനിറ്റുകളിൽ ഗോളടിപ്പിക്കുവാനും ഗോളടിക്കുവാനും മിടുക്കനാണ്. ഫൈനലിൽ കേരളത്തിന്റെ നിർണായക താരം കൂടിയായ ജിജോ കുവൈറ്റിൽ കെഫാക്ക് സോക്കർ ലീഗിലെ സോക്കർ കേരളക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
ഈ അഞ്ചു താരങ്ങളെയാണ് നാളത്തെ ഫൈനലിൽ ഫുട്ബോൾ പ്രേമികൾ ഏറെക്കുറെ ഉറ്റുനോക്കുന്നത്. മത്സരം തീ പാറുമെന്നുറപ്പാണ്.