സങ്കീർണമായ ഭാഷയെപ്പറ്റി എന്നോട് പരാതിപ്പെടരുത്, ശശി തരൂരിൻ്റെ ട്വീറ്റ്

കടുകട്ടി ഭാഷയിൽ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകളുപയോഗിച്ച് ലോകത്തെ ഇടയ്ക്കിടെ ഞെട്ടിക്കുന്നയാളാണ് ശശി തരൂർ. 'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ','ഹിപ്പൊപ്പൊട്ടോമോൺസ്ട്രോസെസ്ക്യുപെഡാലിയോഫോബിയ' തുടങ്ങി കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് നീളമുള്ള തരൂരിയൻ പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് നിമിഷങ്ങൾ കൊണ്ടാണ്. മഹാമാരിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജോലി 'പൊഗനൊട്രൊഫി' ആണെന്ന ട്വീറ്റ് ദശലക്ഷങ്ങളെക്കൊണ്ടാണ് ഡിക്ഷ്ണറി എടുപ്പിച്ചത്. 'വെബ്ബാക്വീഫ് ', 'ഫറാഗോ' തുടങ്ങി വാക്കുകളുടെ എത്രയെത്ര യമണ്ടൻ വിസ്മയങ്ങളിലൂടെയാണ് തരൂർ ശരാശരി ഇന്ത്യക്കാരനെ നടത്തിച്ചത്.

ഭാഷയുടെ ലാളിത്യത്തെയും സങ്കീർണതയെയും കുറിച്ചുള്ള തരൂരിൻ്റെ പുതിയ ട്വീറ്റും ചർച്ച ചെയ്യപ്പെടുകയാണ്. ഐറിഷ് സാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ജോൺ ബാൻവില്ലെയുടെ വാക്കുകൾ ഉദ്ധരിച്ചുള്ള ട്വീറ്റിലൂടെ ഭാഷയെപ്പറ്റി തൻ്റെ തന്നെ കാഴ്ചപ്പാടാണ് തരൂർ അവതരിപ്പിക്കുന്നത്. ഭാഷയുടെ സങ്കീർണതയെപ്പറ്റി തന്നോട് പരാതിപ്പെടരുതെന്നും ലളിതമായ ഭാഷ ഇഷ്ടപ്പെടുന്നത് സ്വേച്ഛാധിപതികളാണെന്നും ട്വീറ്റിൽ പറയുന്നു. ലളിതമായ ഭാഷ ലളിതമായ സത്യങ്ങൾക്കുള്ളതാണ്. സങ്കീർണമായ സത്യങ്ങൾക്ക് വ്യത്യസ്തമായ ഭാഷ വേണ്ടിവരും എന്നാണ് ബാൻവില്ലെയെ ഉദ്ധരിച്ച് തരൂർ പറയുന്നത്.

"എന്റെ ഭാഷയിലെ അത്യുക്തികളെ കുറിച്ചും ശൈലിയുടെ സാന്ദ്രതയെക്കുറിച്ചും ചിലർ എന്നോട് പരാതിപ്പെടുന്നു. ലളിതമായ ഭാഷ ഇഷ്ടപ്പെടുന്നത് സ്വേച്ഛാധിപതികളാണെന്ന് ഞാൻ പറയും. എന്റെ സങ്കീർണ്ണമായ ഭാഷയെപ്പറ്റി എന്നോട് പരാതിപ്പെടരുത്. ലളിതമായ ഭാഷ ലളിതമായ സത്യങ്ങൾക്കുള്ളതാണ്. സങ്കീർണമായ സത്യങ്ങൾക്ക് വ്യത്യസ്തമായ ഭാഷ ആവശ്യമാണ് " എന്നാണ് ഐറിഷ് സാഹിത്യത്തിലെ കുലപതിയായ ജോൺ ബാൻവില്ലെയുടെ വാക്കുകൾ.

എന്തായാലും, എന്നത്തേയും പോലെ തരൂരിൻ്റെ ട്വീറ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സത്യം എല്ലായ്പ്പോഴും ലളിതമാണെന്നും ഒട്ടും സങ്കീർണമല്ലെന്നും ഭാഷയുടെ ലാളിത്യമാണ് അതിനെ സുന്ദരമാക്കുന്നതെന്നും വിയോജിക്കുന്നവരും, അഗാധമായ ചിന്തകളിൽനിന്നാണ് സങ്കീർണമായ ഭാഷയുണ്ടാവുന്നതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. ആദ്യമായാണ് തരൂരിൻ്റെ ഒരു ട്വീറ്റ് ഡിക്ഷ്ണറിയുടെ സഹായമില്ലാതെ വായിച്ച് മനസ്സിലാക്കുന്നത് തുടങ്ങിയ രസകരമായ കമൻ്റുകളും കാണാം.

Related Posts