മരിയുപോളിന്റെ ഭീകരത വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

തകർന്ന കെട്ടിടങ്ങൾ, ഒരു മനുഷ്യായുസ്സ് കൊണ്ട് കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങൾ, ദുരന്തത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്ന നഗരാവശിഷ്ടങ്ങൾ, മൺകൂമ്പാരമായി കിടക്കുന്ന ഷോപ്പിങ്ങ് മാളുകൾ, ആശുപത്രി കെട്ടിടങ്ങൾ, അംഗനവാടികൾ. മരിയുപോളിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ ഉക്രയ്ൻ ജനത നേരിടുന്ന കൊടിയ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ഭീകരതയും വെളിപ്പെടുത്തുന്നവയാണ്. മാക്സ് ടെക്‌നോളജീസ് ആണ് യുദ്ധഭൂമിയിൽ നിന്നുള്ള ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. സമീപ ദിവസങ്ങളിലെ ആക്രമണങ്ങൾ മുഴുവൻ ലക്ഷ്യം വെച്ചത് ജനവാസ കേന്ദ്രങ്ങളെയാണെന്ന് തെളിവ് നൽകുന്നവയാണ് ഈ ചിത്രങ്ങൾ.

തെക്കൻ ഉക്രയ്ൻ നഗരകേന്ദ്രമായ മരിയുപോളിലെ ഒരു പ്രസവ ആശുപത്രിക്ക് നേരെ റഷ്യൻ സൈന്യം ബോംബെറിഞ്ഞതായി അധികൃതർ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ലക്ഷ്യം വെച്ചുള്ള ബോംബാക്രമണം വംശഹത്യാ ശ്രമത്തിന്റെ തെളിവാണെന്ന് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കി കുറ്റപ്പെടുത്തി. ഉക്രയ്നിന് മുകളിലൂടെ നാറ്റോ രാജ്യങ്ങൾ പറക്കൽ നിരോധനം പ്രഖ്യാപിക്കണം എന്ന ആവശ്യം സെലൻസ്കി ആവർത്തിച്ചു.

Related Posts