വലപ്പാട് ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തുക; ഏകദിന സത്യഗ്രഹം ആശുപത്രി പടിക്കൽ
തൃശൂർ : വലപ്പാട് ആശുപത്രിയെ താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തണം എന്നാവശ്യപ്പെട്ട് സത്യഗ്രഹ സമരം. ജനകീയ സമര സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഫെബ്രുവരി 21 തിങ്കളാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ ആശുപത്രി പടിക്കൽ ഏകദിന സത്യഗ്രഹ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
വലപ്പാട്ടെയും സമീപ പഞ്ചായത്തുകളിലെയും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ആശുപത്രി. നൂറ് വർഷം പൂർത്തീകരിക്കാൻ കേവലം മൂന്നുവർഷം മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ പോലും പടിപടിയായി ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ കക്ഷികളും മുന്നണികളും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് പുലർത്തുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി പരിപാലന ചുമതല നിർവഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനവും കാര്യക്ഷമമല്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം മൂലം മറ്റൊരു സർക്കാർ റഫറൽ ആശുപത്രിയിലേക്ക് ഇരുപത്തഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ജനങ്ങൾക്കുള്ളത്.
ആവശ്യമുള്ളത്ര ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും നിയമിക്കണം എന്ന ആവശ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. കെട്ടിടത്തിനും മറ്റ് സജ്ജീകരണങ്ങൾക്കും മതിയായ ഫണ്ട് അനുവദിക്കണം. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ
ആശുപത്രി വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം എന്ന ജനകീയമായ ആവശ്യമുയർത്തിയാണ് ഏകദിന സത്യഗ്രഹം നടത്തുന്നതെന്ന് സമരസമിതി നേതാക്കളായ ആർ ഐ സക്കറിയ, പി എൻ പ്രോവിൻ്റ്, ടി എ പ്രേംദാസ്, കെ.ഗോവിന്ദൻ മാഷ് എന്നിവർ പറഞ്ഞു.