സത്യജിത് റേ പുരസ്കാരം 'അഞ്ചില്‍ ഒരാള്‍ തസ്‌കര'ന്
കൊച്ചി: സത്യജിത് റേ ഗോൾഡൻ ആർക് പുരസ്കാരം അഞ്ചിൽ ഒരാൾ തസ്കരന്. മൂന്ന് അവാർഡുകളാണ് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിനു ലഭിച്ചത്.
മികച്ച ഫാമിലി ത്രില്ലര്‍, പുതുമുഖ നായകൻ, നവാഗത സംഗീത സംവിധായകൻ എന്നീ അവാർഡുകളാണ് ചിത്രത്തെ തേടിയെത്തിയത്. തന്റെ കന്നി ചിത്രത്തിനു ലഭിച്ച അവാർഡ് കരിയറിൽ മികച്ച തുടക്കമാകുമെന്ന് പുതുമുഖ നായകൻ സിദ്ധാര്‍ഥ് രാജന്‍ പറഞ്ഞു. ' അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം' എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിത്തീർന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫിനാണ് നവാഗത സംഗീത സംവിധായകനുള്ള അവാര്‍ഡ് .
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സോമന്‍ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണ് ' അഞ്ചിൽ ഒരാൾ തസ്കരൻ'. ജയേഷ് മൈനാഗപ്പള്ളിയുടെ തിരക്കഥയിൽ, ജയശ്രീ സിനിമാസിന്റെ ബാനറില്‍, പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി കെ ഗോപി, പി ടി ബിനു എന്നിവരുടെ ഗാനങ്ങള്‍ക്ക് അജയ് ജോസഫ് സംഗീതം പകർന്നിരിക്കുന്നത്. രണ്‍ജി പണിക്കര്‍, അംബിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.