സെക്യൂരിറ്റി ഗാർഡുകള്‍ക്ക് ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലധികം ജോലി പാടില്ലെന്ന് സൗദി

റിയാദ്: സെക്യൂരിറ്റി ഗാർഡുകളെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകൾ നിർണയിച്ച് മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റജീഹി ഉത്തരവിറക്കി. സെക്യൂരിറ്റി ഗാർഡ് സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ അവരുടെ കമ്പനികളും പാലിക്കേണ്ട നിബന്ധനകൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. ഈ ഉത്തരവ് പ്രകാരം, സെക്യൂരിറ്റി ഗാർഡ് ജോലികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് ബാങ്കുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും സുരക്ഷാ ജോലികളാണ്. രണ്ടാമത്തേത് കെട്ടിടങ്ങൾക്ക് പുറത്തുള്ള സുരക്ഷാ പരിപാലനം. മൂന്നാമത്തേത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെയും ഗ്രാമങ്ങളുടെയും കാവലാണ്. വിശ്രമവും പ്രാർത്ഥനയും ഭക്ഷണവും ഇല്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിക്കരുത് എന്നതാണ് പ്രധാന നിബന്ധന. ഈ സമയത്തിനിടയിൽ അരമണിക്കൂറിൽ കുറയാത്ത ഇടവേള അനുവദിക്കണം. സെക്യൂരിറ്റി ഗാർഡുകൾക്ക് സ്ഥാപനം യൂണിഫോം നൽകണം. സൂര്യപ്രകാശവും ചൂടും ഏൽക്കുന്നതിന്‍റെ അനന്തരഫലങ്ങൾ തടയുന്നതിന് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് പ്രൊസീജിയർ മാനുവലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും സംഘടനകൾ പാലിക്കണം.

Related Posts