വിമാനയാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി

വിമാനയാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യ. ഫെബ്രുവരി ഒമ്പത് മുതല്‍ രാജ്യത്തേക്ക് വരുന്നവരെല്ലാം 48 മണിക്കൂറിനുള്ളിലെടുത്ത പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ പരിശോധന നിര്‍ബന്ധമില്ല. ഇത് വരെ സൗദിയിലേക്ക് വന്നിരുന്ന പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളിലെടുത്ത പി സി ആര്‍ പരിശോധന ഫലമായിരുന്നു വിമാനത്താവളങ്ങളില്‍ ഹാജരാക്കിയിരുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും.
ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത സ്വദേശികള്‍ക്ക് സൗദിയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകാനും ഫെബ്രുവരി ഒമ്പത് മുതല്‍ അനുവാദമുണ്ടാകില്ല. എന്നാല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കോ മറ്റു വിദേശ രാജ്യങ്ങളിലേക്കോ പോകുന്ന പ്രവാസികള്‍ ആ രാജ്യങ്ങളിലെ യാത്രാ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. സൗദിയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്നവര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റേയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റേയും കോപ്പി എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ തങ്ങുന്നവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് പുതിയ ചട്ടം.