സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തി

കുവൈറ്റ്, സൗദി സംയുക്ത പദ്ധതി പ്രദേശങ്ങളിൽ എണ്ണയുല്പാദനം വർദ്ധിപ്പിക്കാൻ ധാരണ.

കുവൈറ്റ്: ഈ മാസം റിയാദിൽ വെച്ച് നടക്കുന്ന 42-ാമത് ജീ സി സി ഉച്ചകോടിക്ക് മുന്നോടിയായുള്ള ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ കുവൈറ്റ് സന്ദർശിച്ചത്. കുവൈറ്റ് വിമാനത്താവളത്തിൽ ഉപ അമീർ ഷെയ്ഖ് മിഷ് 'അൽ അഹമ്മദ് അൽ സബാഹ് ഉൾപ്പെടേയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ മായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

യു എ ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്.

കുവൈറ്റ്, സൗദി സംയുക്ത പദ്ധതി പ്രദേശങ്ങളായ ഖഫ്ജി, വഫറ മേഖലകളിൽ എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി, സൗദി കിരീടാവകാശി മുഹമദ്‌ ബിൻ സൽമാന്റെ കുവൈത്ത്‌ സന്ദർശനത്തിന്റെ സമാപനത്തോട്‌ അനുബന്ധിച്ച്‌ ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്ഥാവനയിലാണു ഇക്കാര്യം അറിയിച്ചത്‌. ചരിത്രപരമായ അൽ ഉല ഉടമ്പടിയിലെ ഉള്ളടക്കം നടപ്പാക്കുന്നതിന്റേയും സഹോദര രാഷ്ട്രങ്ങൾ തമ്മിലുള്ള രാഷ്ട്രീയ നിലപാടുകൾ ഏകീകരിക്കുന്നതിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ഇറാന്റെ ആണവ മിസൈൽ വിഷയങ്ങൾ ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും, യെമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുവാനും സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. കുവൈറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മുബാറക്‌ അൽ കബീർ പുരസ്കാരം അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ അദ്ദേഹത്തിനു സമ്മാനിച്ചു.

Related Posts