വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ
വായ്പാ നിരക്കുകൾ വീണ്ടും വർധിപ്പിച്ച് എസ്ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) 10 പോയിന്റാണ് ഇത്തവണ എസ്ബിഐ വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ നിരക്കുകളിൽ വർധനവ് വരുത്തുന്നത്. മെയ് 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുംഎന്നാണ് എസ്ബിഐ അറിയിച്ചത്. ഒരു വർഷത്തേക്കുള്ള എംസിഎൽആർ 7.10 ശതമാനത്തിൽ നിന്ന് 7.20 ശതമാനവും രണ്ട് വർഷത്തേക്കുള്ള വായ്പാനിരക്ക് 7.30ൽ നിന്നും 7.40 ശതമാനമാക്കി ഉയർത്തി. മൂന്ന് വർഷത്തേക്കുള്ള വായ്പാ നിരക്ക് 7.40ൽ നിന്ന് 7.50ഉം ആറ് മാസത്തേത് 7.05 ശതമാനത്തിൽ നിന്ന് 7.15 ശതമാനവുമായും വർധിപ്പിച്ചിട്ടുണ്ട്.
എംസിഎൽആറിന്റെ വർധനവ് ഉപഭോക്താക്കൾ എടുക്കുന്ന ലോണിന്റെ പ്രതിമാസ ഇഎംഐയിൽ വർധനവുണ്ടാക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ ഈ തീരുമാനം.