ഒറ്റഡോസ് വാക്സിൻ കൊണ്ട് ഗർഭാശയമുഖ കാൻസറിനെ പ്രതിരോധിക്കാമെന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

സ്ത്രീകളിൽ സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ കാൻസറിന് കാരണമായ ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെ ഒറ്റഡോസ് വാക്സിൻ ഫലപ്രദമെന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. ഫ്രാൻസിലെ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളും സംയുക്തമായാണ് ഗവേഷണ പ്രക്രിയയിൽ പങ്കാളികളായത്. നിർണായകമായ ഈ കണ്ടെത്തലോടെ സർക്കാരിൻ്റെ സൗജന്യ വാക്സിനേഷൻ പദ്ധതിയിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്താനുള്ള വഴിയാണ് തെളിയുന്നത്.

യോനിയെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെർവിക്സ്. ലൈംഗിക ബന്ധത്തിലൂടെയാണ് ഇവിടെ വൈറസ് ബാധിക്കുന്നത്. അസാധാരണമായ ബ്ലീഡിങ്ങാണ് സെർവിക്കൽ അർബുദ ബാധയുടെ മുഖ്യലക്ഷണം. പാപ്സ്മിയർ ടെസ്റ്റ് വഴിയാണ് രോഗം കണ്ടെത്തുന്നത്. പ്രതിരോധ കുത്തിവെപ്പ് വഴി ഗർഭാശയമുഖ കാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കാം. ഒമ്പത് വയസ്സിനും പതിമൂന്ന് വയസ്സിനുമിടയിൽ പ്രായമുള്ളപ്പോൾ കുത്തിവെപ്പ് എടുക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു തുടങ്ങുന്നതിന് മുമ്പുതന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലതെങ്കിലും 26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാമെന്ന് വിദഗ്ധർ പറയുന്നു.

ദീർഘകാലമായി നടത്തിവന്നിരുന്ന പഠനത്തിൻ്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിംഗിൾ ഡോസ് വാക്സിന് 95 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് പഠനം പറയുന്നു.

ഇത് രണ്ടോ മൂന്നോ ഡോസുകളുടെ ഫലപ്രാപ്തിക്ക് സമാനമാണ്. പുതിയ കണ്ടെത്തലുകൾ ഒറ്റ ഡോസ് വാക്സിൻ ശുപാർശയിലേക്ക് നയിച്ചേക്കാമെന്ന് പഠനത്തിന് മേൽനോട്ടം വഹിച്ച ഐഎആർസി പ്രതിരോധ വിഭാഗം മേധാവി പാർഥബസു അഭിപ്രായപ്പെട്ടു.

മൂന്ന് ഡോസുള്ള എച്ച്പിവി വാക്സിൻ പത്തുവർഷത്തിലേറെയായി സ്വകാര്യ മേഖലയിൽ ലഭ്യമാണ്. ഒറ്റ ഡോസിന് ഏകദേശം 3,500 രൂപയാണ് വില. സ്തനാർബുദം കഴിഞ്ഞാൽ രാജ്യത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് സെർവിക്കൽ കാൻസർ. ഓരോ വർഷവും 90,000-ലധികം പേരിൽ സെർവിക്കൽ കാൻസർ ബാധിക്കുന്നുണ്ട്. 60,000-ത്തോളം മരണങ്ങളും ഉണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

Related Posts