356 പേരെ മാറ്റിപ്പാർപ്പിച്ചു. അറപ്പത്തോടുകൾ തുറന്നു.
കടൽക്ഷോഭം; തീരദേശത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ.
ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം കൂടുതൽ ശക്തമായതോടെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സ്ഥിതി രൂക്ഷമായ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലായി 356 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇതിൽ 323 പേർ കൊടുങ്ങല്ലൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലും 33 പേർ ചാവക്കാട് താലൂക്കിലെ ക്യാമ്പുകളിലുമാണ്. നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ഏഴും ചാവക്കാട് താലൂക്കിൽ രണ്ടും ക്യാമ്പുകളാണുള്ളത്. ക്വാറന്റയ്നിൽ ഇരിക്കുന്നവർക്ക് മാത്രമായുള്ള ക്യാമ്പുകളും ഇതിലുണ്ട്. ക്യാമ്പുകളിൽ താമസിക്കാനെത്തുന്നവരെ ആന്റിജൻ ടെസ്റ്റ് നടത്തിയാണ് പ്രവേശിപ്പിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി സി സി, സി എഫ് എൽ ടി സി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.
കൊടുങ്ങല്ലൂർ താലൂക്കിൽ എറിയാട് പഞ്ചായത്തിൽ നാലും എടവിലങ്ങിൽ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തിൽ രണ്ടും ക്യാമ്പുകളുണ്ട്. എറിയാട് കേരളവർമ്മ ഹയർസെക്കന്ററി സ്‌കൂളിലെ ക്യാമ്പിൽ 37 കുടുംബങ്ങളിലായി 105 അംഗങ്ങൾ. 52 പുരുഷന്മാരും 44 സ്ത്രീകളും 9 കുട്ടികളും. അഴീക്കോട് ഐ എം യു പി സ്കൂളിൽ 12 കുടുംബങ്ങളിലായി 24 പേർ. 11 പുരുഷന്മാരും 13 സ്ത്രീകളും. അഴീക്കോട് ഇർഷാദുൽ മുസ്ലിമീൻ യു പി സ്കൂളിൽ 12 കുടുംബങ്ങളിലായി 24 പേരുണ്ട്. 11 പുരുഷന്മാരും 12 സ്ത്രീകളും. മേനോൻ ബസാർ യു പി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പ് ക്വറന്റീനിലുള്ളവർക്ക് വേണ്ടിയാണ്. ഇവിടെ നാല് കുടുംബങ്ങളിലായി 16 പേരുണ്ട്.
ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ അഞ്ചങ്ങാടി എം ഐ ടി സ്കൂളും ക്വറന്റീൻ ക്യാമ്പാണ്. ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് സ്‌കൂളിൽ 16 കുടുംബങ്ങളിലായി 46 പേരുണ്ട്. 15 പുരുഷന്മാരും 20 സ്ത്രീകളും 11 കുട്ടികളും.
എടവിലങ്ങ് കാര ഫിഷറീസ് സ്കൂളിൽ 15 കുടുംബങ്ങളിലായി 53 പേർ. 22 പുരുഷന്മാരും 20 സ്ത്രീകളും 11 കുട്ടികളും. എടവിലങ്ങ് കാര സെൻറ് ആൽബന സ്കൂളിൽ 20 കുടുംബങ്ങളിലായി 52 പേർ. 25 പുരുഷന്മാർ, 19 സ്ത്രീകൾ, 8 കുട്ടികൾ.
ചാവക്കാട് താലൂക്കിൽ കടപ്പുറം പഞ്ചായത്തിൽ കടപ്പുറം വി എച്ച് എസ് ഇ യിൽ 6 കുടുംബങ്ങളിലായി 24 പേർ. 6 പുരുഷന്മാർ, 12 സ്ത്രീകൾ, 6 കുട്ടികൾ. വാടാനപ്പള്ളി കമല നെഹ്‌റു വി എച്ച് എസ് ഇയിൽ 3 കുടുംബങ്ങളിലായി 9 പേർ. 4 പുരുഷന്മാർ, 5 സ്ത്രീകൾ.
എടവിലങ്ങിൻ്റെയും എറിയാടിൻ്റേയും പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളക്കെട്ട് ഭീഷണി നേരിടുന്നതിനാൽ ഇരുപഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന അറപ്പത്തോട് ജെ സി ബി ഉപയോഗിച്ച് പൊട്ടിച്ചു വെള്ളം കളയുന്നുണ്ട്. വേലിയേറ്റത്തെ തുടർന്ന് പെരിഞ്ഞനത്ത് ആറാട്ടുകടവിലും അറപ്പതോട് തുറന്നു. വാടാനപ്പള്ളി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ വെള്ളക്കെട്ടുകൾ കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് പൊക്കാഞ്ചേരി സ്ലൂയിസും തുറന്നു വിട്ടു. ഒന്നാം പ്രളയ സമയത്താണ് അവസാനമായി സ്ലൂയിസ് പൂർണ്ണമായും തുറന്നിരുന്നത്.