നയൻതാര നിർമിച്ച 'കൂഴങ്ങൾ' ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു
ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം 'കൂഴങ്ങൾ' തിരഞ്ഞെടുക്കപ്പെട്ടു. മലയാള ചലച്ചിത്രം 'നായാട്ട് ' ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളെ പിന്തള്ളിയാണ് പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായത്. പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം നയൻതാരയും പങ്കാളിയായ വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം.
മദ്യപാനത്തിന് അടിമയായ ഒരാളും അയാളുടെ മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് കൂഴങ്ങൾ. ഉപേക്ഷിച്ചുപോയ ഭാര്യ/അമ്മയെ തിരികെ കൊണ്ടുവരാനായി ഭർത്താവ്/മകൻ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്. സംവിധായകനായ പി എസ് വിനോദ് രാജ് തന്റെ സഹോദരിയുടെ ജീവിതമാണ് സിനിമയാക്കിയത് എന്ന് പറയപ്പെടുന്നു.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കൂഴങ്ങൾക്ക് ടൈഗർ പുരസ്കാരം ലഭിച്ചിരുന്നു. ഈ ബഹുമതി കരസ്ഥമാക്കുന്ന ആദ്യത്തെ തമിഴ് ചിത്രവും രണ്ടാമത്തെ ഇന്ത്യൻ സിനിമയുമാണ് കൂഴങ്ങൾ. നേരത്തേ, മലയാളിയായ സനൽ കുമാർ ശശിധരന്റെ 'എസ് ദുർഗ' എന്ന ചിത്രത്തിന് ടൈഗർ അവാർഡ് ലഭിച്ചിരുന്നു.
94-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യൻ എൻട്രി സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ഷാജി എൻ കരുൺ ആയിരുന്നു.