തനിക്കൊപ്പം ചർച്ചയ്ക്കിരിക്കാൻ പുതിനെ ക്ഷണിച്ച് സെലൻസ്കി
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനെ നേരിട്ടുള്ള ചർച്ചയ്ക്ക് ക്ഷണിച്ച് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി. രണ്ടാംവട്ട ഉദ്യോഗസ്ഥ തല ചർച്ചകളിലും കാര്യമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ടുള്ള ചർച്ചയ്ക്ക് ഉക്രേനിയൻ പ്രസിഡണ്ട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏറ്റവും ഒടുവിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് വിഷയം ചർച്ച ചെയ്യാൻ പുതിൻ തനിക്കൊപ്പം ഇരിക്കണമെന്ന നിർദേശം സെലൻസ്കി മുന്നോട്ടുവെച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണ് അതെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നു.
കൂടുതൽ സൈനിക സഹായം നൽകാൻ പാശ്ചാത്യ രാജ്യങ്ങളോട് സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ രാജ്യം വീണാൽ അടുത്തതായി റഷ്യ ലക്ഷ്യം വെയ്ക്കുക ബാൾടിക് രാജ്യങ്ങളെ ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ഉക്രയ്ൻ പ്രസിഡണ്ടിൻ്റെ മുന്നറിയിപ്പ്.