ശത്രുക്കളുടെ വർഷങ്ങൾ നീണ്ട ആസൂത്രണത്തെ ഒരാഴ്ച കൊണ്ട് തകർത്തെന്ന് സെലൻസ്കി

ശത്രുക്കളുടെ വർഷങ്ങൾ നീണ്ട ആസൂത്രണ പദ്ധതികൾ ഒരാഴ്ച കൊണ്ട് തകർത്തതായി ഉക്രയ്ൻ. ടെലിഗ്രാമിലൂടെ നൽകിയ വീഡിയോ സന്ദേശത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി.

"ശത്രുവിന്റെ വർഷങ്ങൾ നീണ്ട പദ്ധതികൾ ഒരാഴ്ച കൊണ്ട് തകർത്ത രാഷ്ട്രമാണ് നമ്മുടേത്. വർഷങ്ങൾ എടുത്ത് ആസൂത്രണം ചെയ്ത പദ്ധതികൾ. നമ്മുടെ രാജ്യത്തോടും നമ്മുടെ ജനങ്ങളോടും വെറുപ്പ് നിറച്ചു കൊണ്ട് ഒളിഞ്ഞിരുന്ന് നിഗൂഢമായി മെനഞ്ഞെടുത്ത പദ്ധതികൾ," സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഉക്രേനിയക്കാരിൽ നിന്ന് കനത്ത തിരിച്ചടി ലഭിക്കും എന്ന കാര്യം ഓരോ അക്രമിയും ഓർത്തിരിക്കണമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി. പോരാട്ടം ഞങ്ങൾ ഉപേക്ഷിക്കില്ല. വർഷങ്ങളെടുത്ത് അവർ തയ്യാറാക്കിയ പദ്ധതികൾ ഞങ്ങൾ തകർത്തു. അവരുടെ മനോവീര്യം ചോർന്നു പോകുകയാണ്. ഒഴിഞ്ഞ കൈകളുമായി പുറത്തിറങ്ങി അക്രമികളെ തങ്ങളുടെ നഗരങ്ങളിൽ നിന്ന് തുരത്തിയോടിക്കുന്ന ഉക്രേനിയക്കാരെ ആത്മാർഥമായി അഭിനന്ദിക്കുന്നു.

ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രയ്ൻ പ്രസിഡണ്ട് അവകാശപ്പെട്ടു. തങ്ങളുടെ 498 സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യയുടെ ഔദ്യോഗിക അറിയിപ്പ്.

Related Posts