നാറ്റോ അംഗത്വത്തിനായി സമ്മർദം ചെലുത്തില്ല, സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കം; നിലപാട് മയപ്പെടുത്തി സെലൻസ്കി

യുദ്ധത്തിലേക്ക് നയിച്ച രണ്ട് സുപ്രധാന വിഷയങ്ങളിൽ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്ന വെളിപ്പെടുത്തലുമായി ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി. എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നിലപാടുകൾ അയവ് വരുത്തുകയാണ് എന്ന സൂചന സെലൻസ്കി നൽകിയത്.

ഉക്രയ്ൻ യുദ്ധത്തിന്റെ പ്രഖ്യാപിത കാരണങ്ങളിൽ ഒന്ന് നാറ്റോ അംഗത്വമാണ്. ഉക്രയ്ന് നാറ്റോ അംഗത്വം ലഭിക്കില്ല എന്ന വിവരം താൻ നേരത്തേ തന്നെ തിരിച്ചറിഞ്ഞതായി അഭിമുഖത്തിൽ സെലൻസ്കി വ്യക്തമാക്കി. റഷ്യയുമായുള്ള ഏറ്റുമുട്ടലിനെ നാറ്റോ സഖ്യം ഭയക്കുന്നു. നാറ്റോ അംഗത്വത്തെ പരാമർശിച്ച് "മുട്ടുകുത്തി എന്തെങ്കിലും യാചിക്കുന്ന രാജ്യത്തിന്റെ" പ്രസിഡണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സെലൻസ്‌കി പറഞ്ഞു.

ഫെബ്രുവരി 24-ന് അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡണ്ട് വ്ലാദിമിർ പുതിൻ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്നും ഉക്രയ്ൻ പ്രസിഡണ്ട്‌ പറഞ്ഞു.

സോവിയറ്റ് യൂണിയനിൽ നിന്ന് യൂറോപ്പിനെ സംരക്ഷിക്കാൻ ശീതയുദ്ധത്തിന്റെ തുടക്കത്തിൽ രൂപം കൊടുത്ത ട്രാൻസ് അറ്റ്ലാന്റിക് സഖ്യമാണ് നാറ്റോ. അയൽരാജ്യമായ ഉക്രയ്ൻ നാറ്റോയിൽ അംഗമാകുന്നതിനെ റഷ്യ ശക്തിയായി എതിർക്കുന്നുണ്ട്. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി നാറ്റോ വിപുലീകരിക്കുന്നത് റഷ്യയെ സംബന്ധിച്ച് അംഗീകരിക്കാൻ കഴിയില്ല.

ഉക്രയ്ൻ അധിനിവേശത്തിന് ഉത്തരവിട്ടുകൊണ്ട് ലോകത്തെ ഞെട്ടിക്കുന്നതിന് തൊട്ടുമുമ്പ്, 2014 മുതൽ കീവുമായി നിരന്തര സംഘർഷത്തിലുള്ള കിഴക്കൻ ഉക്രയ്നിലെ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് എന്നീ രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ആയി പുതിൻ അംഗീകരിച്ചിരുന്നു. അവയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഉക്രയ്ൻ അംഗീകരിക്കണം എന്ന ആവശ്യമാണ് റഷ്യ മുന്നോട്ടുവെയ്ക്കുന്നത്. എന്തായാലും നിലപാടുകളിൽ വരുത്തുന്ന മയപ്പെടുത്തൽ യുദ്ധത്തിന്റെ ഗതി തിരിച്ചുവിടുമെന്ന് ഉറപ്പാണ്.

Related Posts