ജീവൻ രക്ഷിച്ച് തിരികെ പോകാൻ റഷ്യൻ സൈനികരോട് സെലൻസ്കി
ജീവൻ രക്ഷിച്ച് തിരികെ പോകാൻ റഷ്യൻ സൈനികരോട് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി. ബെലറൂസ് അതിർത്തിയിൽ റഷ്യ-ഉക്രയ്ൻ ചർച്ചകൾ അരങ്ങേറുന്നതിനിടയിലാണ് റഷ്യൻ സൈനികർക്കുള്ള ഉക്രയ്ൻ പ്രസിഡണ്ടിൻ്റെ നിർദേശം വന്നിരിക്കുന്നത്.
റഷ്യയുമായുള്ള ചർച്ചയുടെ മുഖ്യ ലക്ഷ്യം ഉടനടിയുള്ള വെടിനിർത്തലും റഷ്യൻ സൈന്യത്തെ പിൻവലിക്കലുമാണെന്ന് ഉക്രയ്ൻ പ്രസിഡണ്ടിൻ്റെ ഓഫീസ് അറിയിച്ചു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാൻ തയ്യാറാണെങ്കിൽ സൈനിക പരിചയമുള്ള തടവുകാരെ വിട്ടയയ്ക്കുമെന്ന് സെലൻസ്കി പറഞ്ഞു.
ഉക്രയ്‌നിനെതിരായ റഷ്യൻ ആക്രമണത്തിന്റെ വേഗത കുറഞ്ഞതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. തലസ്ഥാനമായ കീവിലേക്കുള്ള ക്രെംലിൻ്റെ മുന്നേറ്റം ലോജിസ്റ്റിക്കിലെ പ്രശ്‌നങ്ങളും ഉക്രേനിയൻ സൈന്യത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പും മൂലം വൈകുകയാണ്.
അതേസമയം വ്യോമ പ്രതിരോധ മിസൈലുകൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ, മാനുഷിക, സാമ്പത്തിക സഹായങ്ങൾ എന്നിവ വഴി സഖ്യകക്ഷികൾ ഉക്രയ്‌നുള്ള പിന്തുണ വർധിപ്പിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.