യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുതെന്ന് റഷ്യയിലെ അമ്മമാരോട് സെലന്‍സ്‌കി
കീവ്: ഉക്രൈന്‍ യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുതെന്ന് റഷ്യയിലെ അമ്മമാരോട് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സെലെന്‍സ്‌കിയുടെ പരാമർശം. റഷ്യയിലെ അമ്മമാരോട്, പ്രത്യേകിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടവരുടെ അമ്മമാരോട് ഞാന്‍ ഒരിക്കല്‍ക്കൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. ഒരു വിദേശരാജ്യത്ത് നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മക്കളെ അയക്കരുതെന്ന് സെലെന്‍സ്‌കി പറഞ്ഞു.
നിങ്ങളുടെ മകന്‍ എവിടെയാണെന്ന് പരിശോധിക്കുക. ഉക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മകനെ അയക്കുമെന്ന് നേര്‍ത്ത സംശയമെങ്കിലും തോന്നിയാല്‍ അവന്‍ കൊല്ലപ്പെടാതിരിക്കാനോ തടവിലാക്കപ്പെടാതിരിക്കാനോ വേണ്ടി ഉടന്‍ പ്രവര്‍ത്തിക്കൂ- സെലെന്‍സ്‌കി പറഞ്ഞു. ഉക്രൈന്‍ ഒരിക്കലും ഈ ഭയാനകയുദ്ധം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഉക്രൈന് ഇത് ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി മതിയായ പ്രതിരോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായവരും ഉക്രൈനിലുണ്ടെന്ന് ബുധനാഴ്ചയാണ് റഷ്യ വ്യക്തമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട ചിലരെ ഉക്രൈന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ ആയിരുന്നു ഇത്. പരിശീലനം ലഭിച്ച പ്രൊഫഷണല്‍ സൈനികര്‍ മാത്രമാണ് ഉക്രൈന്‍യുദ്ധത്തില്‍ പങ്കെടുക്കുന്നത് എന്നായിരുന്നു നേരത്തെ റഷ്യ അവകാശപ്പെട്ടിരുന്നത്.