ഇൻസ്റ്റഗ്രാമിൽ വൈകാരികമായ കുറിപ്പുമായി സെലൻസ്കിയുടെ ഭാര്യ ഒലേന സെലൻസ്ക
തലസ്ഥാനമായ കീവിലെ ബോംബ് ഷെൽട്ടറിൽ ജനിച്ച കുഞ്ഞിനെപ്പറ്റി വൈകാരികമായ കുറിപ്പുമായി ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയുടെ ഭാര്യ ഒലേന സെലൻസ്ക.
"കീവിലെ ഒരു ബോംബ് ഷെൽട്ടറിലാണ് കുഞ്ഞ് ജനിച്ചത്. അവളുടെ ജനനം തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിൽ, സമാധാനപരമായ ഒരിടത്ത് നടക്കേണ്ടതായിരുന്നു. പ്രധാന കാര്യം, തെരുവുകളിൽ യുദ്ധം നടക്കുമ്പോഴും അവളെ പരിചരിക്കാൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉണ്ടെന്നുള്ളതാണ്. അവൾ സംരക്ഷിക്കപ്പെടും. അവിശ്വസനീയമാണ് നിങ്ങളുടെ സഹായങ്ങൾ, പ്രിയ സഖാക്കളേ," എന്നാണ് ഒലേന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വെറും രണ്ട് ദിവസത്തിനുള്ളിൽ സായുധ പ്രതിരോധം കെട്ടിപ്പടുക്കാൻ ഉക്രേനിയൻ പൗരന്മാർക്ക് കഴിഞ്ഞുവെന്ന് ഒലേന കൂട്ടിച്ചേർത്തു. ഉക്രേനിയക്കാർ അവരുടെ ജോലി ചെയ്തു. പരസ്പരം സഹായിക്കാൻ സമയം ചെലവഴിക്കുകയും ചെയ്തു. ഉക്രേനിയക്കാർ അയൽക്കാരെ സഹായിക്കുകയും ആവശ്യമുള്ളവർക്ക് അഭയം നൽകുകയും സൈനികർക്കും പരിക്കേറ്റവർക്കും രക്തം ദാനം ചെയ്യുകയും ശത്രു വാഹനങ്ങളുടെ നീക്കം അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തുവെന്ന് ഉക്രയ്‌നിന്റെ പ്രഥമ വനിത പോസ്റ്റിൽ പറഞ്ഞു.
"സ്വയം പ്രതിരോധിക്കുന്ന രാജ്യത്ത് ബോംബ് ഷെൽട്ടറുകളിൽ ജനിക്കുന്ന കുട്ടികളും സമാധാനപരമായി ജീവിക്കും" എന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിക്കുന്നത്.
2003-ലാണ് ഒലേന സെലൻസ്‌ക വ്ലാദിമിർ സെലൻസ്‌കിയെ വിവാഹം കഴിക്കുന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ലിംഗസമത്വം പോലുള്ള ആവശ്യങ്ങളുടെ ശക്തയായ വക്താവായ അവർ നയതന്ത്ര മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.