റിലയൻസിനെതിരെ സ്വയം കേസ് വാദിച്ചു; ഒടുവിൽ ജയം സ്വന്തമാക്കി മലയാളി

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ വില്പന സ്ഥാപനത്തെ കോടതിയിൽ മുട്ടുകുത്തിച്ച് മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയൻസ് സ്മാർട്ട് സൂപ്പർ മാർക്കറ്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ നിയമ പോരാട്ടം. ഒന്നര വർഷം കേസ് സ്വയം വാദിച്ച വിനോജ് ആന്‍റണി ഒടുവിൽ വിജയിച്ചു. റിലയൻസിൽ നിന്ന് 10,000 രൂപ വിനോജിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2021 സെപ്റ്റംബർ ഏഴിനാണ് ചങ്ങനാശേരി സ്വദേശി വിനോജ് ആന്‍റണിയും റിലയൻസ് സ്മാർട്ട് കമ്പനിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്. ചങ്ങനാശ്ശേരി പാറേപ്പള്ളിക്ക് സമീപമുള്ള റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിൽ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറിൽ 235 രൂപ എംആർപിയുള്ള വെളിച്ചെണ്ണയ്ക്ക് സൂപ്പർമാർക്കറ്റ് ജീവനക്കാർ വിനോജിൽ നിന്ന് 238 രൂപ ഈടാക്കി. ഇത് ചോദ്യം ചെയ്തപ്പോൾ വിനോജിനെ ജീവനക്കാർ കടയിൽ നിന്ന് ഇറക്കിവിട്ടു. ഇതുമായി ബന്ധപ്പെട്ട് റിലയൻസ് സ്മാർട്ടിന്‍റെ കസ്റ്റമർ കെയറിൽ പരാതിപ്പെട്ടപ്പോൾ എന്നാൽ താൻ കേസു കൊട് എന്ന രീതിയിലായിരുന്നു മറുപടി. ഇതോടെ കോട്ടയം ഉപഭോക്തൃ കോടതിൽ വിനോജ് കേസിന് പോയി. ഒന്നര വർഷത്തോളം അദ്ദേഹം തന്നെ കേസ് വാദിച്ചു. 3 രൂപയുടെ അധിക വിലയ്ക്കെതിരെ ശക്തിയുദ്ധം വാദിച്ചു. ഒടുവിൽ അനുകൂല വിധിയും സ്വന്തമാക്കി. മൂന്ന് രൂപ അധികമായി ഈടാക്കുകയും അത് ചോദ്യം ചെയ്തപ്പോൾ ഉപഭോക്താവിനെ ഇറക്കി വിടുകയും ചെയ്തതിന് വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.

Related Posts