ചൈനീസ്, റഷ്യൻ വാക്സിനുകൾ നിലവാരമില്ലാത്തത്, ആഗോള വാക്സിൻ വിതരണത്തിൽ ഇന്ത്യയെ പങ്കാളിയാക്കണം; ജോ ബൈഡന് സെനറ്റർമാരുടെ കത്ത്
ആഗോള വാക്സിൻ വിതരണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ട് അമേരിക്കയിൽ സെനറ്റർമാർ അടക്കമുള്ള ഒരു സംഘം നിയമ നിർമാതാക്കൾ പ്രസിഡണ്ട് ജോ ബൈഡന് കത്ത് നൽകി. അമേരിക്കൻ സഖ്യകക്ഷി രാജ്യങ്ങൾ "നിലവാരമില്ലാത്തതും ഫലപ്രദമല്ലാത്തതുമായ" ചൈനീസ്, റഷ്യൻ വാക്സിനുകൾ ഉപയോഗിക്കാൻ നിർബന്ധിതരാവുന്നതായി കത്തിൽ പറയുന്നു.
വാക്സിൻ്റെ ആഗോള വിതരണം ഉറപ്പാക്കാൻ അമേരിക്ക നേതൃത്വപരമായ പങ്കുവഹിക്കണം. ഇതിന് ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെടണം. ഇന്ത്യയും അമേരിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോർബെവാക്സ് വാക്സിൻ ആഗോള വ്യാപകമായി വിതരണം ചെയ്യാൻ ഇരു രാജ്യങ്ങളും മുൻകൈ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ചൈനയുടെ വാക്‌സിൻ നയതന്ത്രത്തിന് എതിരായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ദരിദ്ര രാജ്യങ്ങൾക്ക് 600 ദശലക്ഷം സിനോവാക് വാക്സിൻ സൗജന്യമായി നൽകുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആഫ്രിക്കയിൽ ഒമിക്രോൺ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.