ഉറക്കമില്ലാത്തവരുടെ നഗരമായി ദക്ഷിണ കൊറിയൻ തലസ്ഥാനം സിയോൾ

ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോൾ ഉറക്കമില്ലാത്ത മനുഷ്യരുടെ നഗരമായെന്ന് റിപ്പോർട്ടുകൾ. ലോകത്ത് ഏറ്റവും അധികം ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകൾ ഉള്ള സ്ഥലങ്ങളിൽ ഒന്നായി സിയോൾ മാറിയെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. യുവാക്കൾക്കിടയിൽ സ്ലീപ് ഡിപ്രൈവേഷൻ എന്ന അസുഖം അധികരിക്കുകയാണ്.

സമ്പത്തിലും സാങ്കേതിക വിദ്യയിലും ഏറ്റവും പിന്നിലായിരുന്ന രാജ്യം ഏതാനും ദശകങ്ങൾ കൊണ്ടാണ് രണ്ടിലും മുൻപന്തിയിലെത്തിയത്. സാങ്കേതിക വിദ്യയുടെ വികാസമാണ് രാജ്യത്തെ മുൻനിരയിൽ എത്തിച്ചത്. ഇന്ന് ലോകത്ത് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളിൽ എല്ലാം ദക്ഷിണ കൊറിയക്കാരുടെ കൈയൊപ്പ് കാണാം. കഠിനാധ്വാനത്തിലൂടെയാണ് ജനത ഈ നേട്ടം കൈവരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ വിജയത്തിന് വലിയ വിലയാണ് നൽകേണ്ടി വന്നത്. അമിതാധ്വാനം കൊറിയക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകരാറിലാക്കി. കടുത്ത മാനസിക സമ്മർദമാണ് ദക്ഷിണ കൊറിയൻ യുവാക്കൾക്കിടയിലെ വർധിച്ചു വരുന്ന ഉറക്കക്കുറവിന് കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉറങ്ങാൻ 20 സ്ലീപ്പിങ്ങ് പിൽസ് വരെ കഴിക്കുന്നവർ ഉണ്ടെന്ന് സിയോൾ സ്ലീപ്പ് ഡിസോർഡർ സൈക്യാട്രിസ്റ്റ് ഡോ. ജി ഹൈ യോൻ ലി പറയുന്നു. 2.5 ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള വലിയൊരു ആരോഗ്യ വ്യവസായം തന്നെ ദക്ഷിണ കൊറിയൻ ഉറക്ക പ്രശ്നത്തെ ചുറ്റിപ്പറ്റി വളർന്നു വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Posts