സമൂസയിൽ സീരിയൽ നമ്പർ!!! ഓൺലൈനിലൂടെ ഓർഡർ ചെയ്ത സമൂസ ഇൻ്റർനെറ്റിൽ താരമായി
അരിമണികളിൽ ഓരോന്നിലും അത് കഴിക്കാനുള്ള ആളിൻ്റെ പേര് ദൈവം അദൃശ്യമായി കൊത്തിവെച്ചിട്ടുണ്ടെന്ന് പഴമക്കാർ പറയാറില്ലേ...
ചായയ്ക്കൊപ്പം കഴിക്കാനായി നാം വൈകുന്നേരങ്ങളിൽ ഓർഡർ ചെയ്യുന്ന സമൂസയിൽ ഓരോന്നിലും അവയുടെ സീരിയൽ നമ്പർ കൂടി അടയാളപ്പെടുത്തിവെച്ചാൽ എങ്ങനെയിരിക്കും?!!
നിധിൻ മിശ്ര എന്ന ട്വിറ്റർ ഉപയോക്താവിൻ്റെ സമൂസ പോസ്റ്റ് കണ്ട് അന്തം വിട്ട് ചിരിക്കുകയാണ് ട്വിറ്ററാറ്റികൾ ഒന്നടങ്കം.
ഓൺലൈനിലൂടെ അയാൾ ഓർഡർ ചെയ്ത സമൂസയിൽ ഓരോന്നിലും യുണീക് ആയ ഒരു ഐഡൻ്റിഫിക്കേഷൻ നമ്പർ മാർക്ക് ചെയ്തിട്ടുണ്ട്. അതാണ് തമാശയായി മാറിയത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായ കുറിപ്പിന് രസകരമായ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പതിനായിരത്തിലേറെ ലൈക്കുകളും നൂറു കണക്കിന് റീ ട്വീറ്റുകളും കമൻ്റുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
"ക്യു ആർ കോഡ് ഉണ്ടോ?" എന്നാണ് രസകരമായ ഒരു പ്രതികരണം. ഐ ഡി യും സീരിയൽ നമ്പറും ക്യു ആർ കോഡും ബാർ കോഡുമെല്ലാം പുതിയ കാലത്തിൻ്റെ സവിശേഷതകളാണെന്ന് ചിലർ പറയുന്നു. ഒരു "ഡീപ് ഫ്രൈഡ് കോൺസ്പിറസി" സമൂസയിൽ മണക്കുന്നുണ്ട്" എന്നാണ് ഒരു രസികൻ കമൻ്റ്.
ചിത്രത്തിൽ കാണുന്ന രണ്ട് സമൂസകളുടെയും അടിഭാഗത്തായി ഇംഗ്ലീഷ് അക്ഷരമാലയിലെ നാല് അക്ഷരങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഓരോ സമൂസയും അമൂല്യമാണെന്നും അതിനാലാണ് യുണീക് ആയ ഐ ഡി നൽകിയിട്ടുള്ളതെന്നും ചിലർ പ്രതികരിച്ചു. "ചട്ണി ഡൗൺ ലോഡ് ചെയ്യാനുള്ള ക്യു ആർ കോഡ് ഉണ്ടോ?" എന്ന് ഒരാൾ ചോദിക്കുന്നു. "ബി ടെക് കഴിഞ്ഞിട്ടും ജോലി കിട്ടാതെ പോയതിനാൽ തട്ടുകട നടത്തുന്ന ഹതഭാഗ്യനായ എഞ്ചിനീയറാണ് ആ കട നടത്തുന്നത്" തുടങ്ങി തമാശ കലർന്ന ഒട്ടേറെ പ്രതികരണങ്ങളാണ് ട്വീറ്റിനു കീഴിലായി വരുന്നത്.