'കുഞ്ഞെൽദോ'യിലെ മിന്നൽ മുരളിയാണ് താനെന്ന് സീരിയൽ താരം അശ്വതി ശ്രീകാന്ത്; എന്നുവെച്ചാൽ ഒരു മിന്നായം പോലെ വന്നുപോകും
കുഞ്ഞെൽദോ എന്ന സിനിമയിൽ ഒരു മിന്നായം പോലെ താനും അഭിനയിച്ചിട്ടുണ്ടെന്ന് പ്രശസ്ത സീരിയൽ താരം അശ്വതി ശ്രീകാന്ത്. ചിത്രത്തിലെ കാരക്റ്റർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി.
കുഞ്ഞെൽദോയുടെ ഭാഗമാണ് താനും എന്ന വിവരം രസകരമായാണ് അശ്വതി അവതരിപ്പിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ: സത്യം പറഞ്ഞാൽ കുഞ്ഞെൽദോയിലെ മിന്നൽ മുരളിയാണ് ഞാൻ. എന്നു വെച്ചാൽ ഒരു മിന്നായം പോലെ വന്നുപോകും. പാട്ടെഴുതിയ ബന്ധമാണ് എനിക്കീ സിനിമയോട് കൂടുതൽ. എന്നിട്ടും കാരക്റ്റർ പോസ്റ്റർവരെ ചെയ്ത കുഞ്ഞെൽദോ ടീമിനോട് ഒരു കൊട്ട സ്നേഹം.
ആസിഫ് അലി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ഞെൽദോ എന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും പ്രശസ്ത റേഡിയോ ജോക്കിയായ മാത്തുക്കുട്ടിയാണ്. ക്രിയേറ്റീവ് ഡയറക്റ്ററായി വിനീത് ശ്രീനിവാസനും ഉണ്ട്. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയത് ഷാൻ റഹ്മാൻ ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും എഡിറ്റിങ്ങ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തും.