ദുബായില്‍ വിണ്ടും ഇന്ത്യന്‍ പുഞ്ചിരി; രണ്ടുവയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് അടിച്ചത് ഏഴരക്കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടി (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്പതികളുടെ മകന്‍ ക്ഷണ്‍ യോഗേഷ് ഗോലെയാണ് കോടിപതിയായത്.
അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ് ഓണ്‍ലൈന്‍ ട്രേഡിങ്ങിലാണ് ജോലി ചെയ്യുന്നത്. ഇതാദ്യമായിട്ടാണ് മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിന്റെ പേരില്‍ പണം നിക്ഷേപിച്ച് അവന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കൂടാതെ, കുറച്ച് പണം ദരിദ്രര്‍ക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
1999 ല്‍ മില്ലെനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിനുശേഷം 10 ലക്ഷം യുഎസ് ഡോളര്‍ നേടിയ 184 ാമത്തെ ഇന്ത്യക്കാരനാണ് ക്ഷണ്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.
ക്ഷണിനെ കൂടാതെ, നെയ്‌റോബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 52കാരനായ കെനിയന്‍ സ്വദേശി അശ്വനി ഗാന്‍ജുവും ഏഴരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സ്വന്തമാക്കി. ഈ മാസം ഒന്നിന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എടുത്ത 2626 നമ്പര്‍ ടിക്കറ്റാണ് 372 സീരിസ് നറുക്കെടുപ്പില്‍ ഭാഗ്യം സമ്മാനിച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ജോസ് ആന്റോ ആഡംബര ബൈക്കും നേടി.