രാജ്യത്തെ ഏഴാമത്തെ വനിതാ ശതകോടീശ്വരിയായി നൈകയുടെ ഫൽഗുനി നായർ
ഇന്ത്യയുടെ ഏഴാമത്തെ വനിതാ ശതകോടീശ്വരിയായി നൈക സ്ഥാപക ഫൽഗുനി നായർ. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലാണ് ഫൽഗുനി ഈ ചരിത്രനേട്ടം വെട്ടിപ്പിടിച്ചത്. വിപണി തുറന്ന് നിമിഷങ്ങൾക്കകം നൈകയുടെ ഓഹരികൾ ഏകദേശം 80 ശതമാനം പ്രീമിയത്തിൽ 2,018 രൂപയിൽ ലിസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം വ്യാപാരം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ നൈകയുടെ മൂല്യം 1 ട്രില്യൺ രൂപയായി-13.5 ബില്യൺ ഡോളർ- ഉയർന്നു. ഒന്നര മണിക്കൂറിനകം ബ്രിട്ടാനിയ, ഗോദ്‌റജ്, ഇൻഡിഗോ തുടങ്ങിയ വ്യവസായ ഭീമന്മാരുടെ നിലയിലേക്ക് നൈക കുതിച്ചു.
ഒരു വനിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ യൂണികോൺ സ്റ്റാർടപ്പായ നൈക 2012-ലാണ് ഫൽഗുനി സ്ഥാപിക്കുന്നത്. കൊട്ടക് മഹീന്ദ്രയിൽ ഇൻവെസ്റ്റ്മെൻ്റ് ബാങ്കർ ആയിരുന്ന ഫൽഗുനി ജോലി രാജിവെച്ചാണ് സംരംഭകയായി മാറിയത്. മൊബൈൽ ആപ്പും വെബ്‌സൈറ്റും വഴിയാണ് നൈക അതിൻ്റെ സൗന്ദര്യവർധക ഉത്പന്നങ്ങൾ വിൽക്കുന്നത്. നൈക തുടങ്ങി എട്ട് വർഷത്തിനുള്ളിൽ, മറ്റ് ആറ് വനിതാ ശതകോടീശ്വരിമാർക്കൊപ്പം ഫൽഗുനി രാജ്യത്തെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
മുംബൈ ആസ്ഥാനമായ നൈക ബൂട്ടി, കോസ്മെറ്റിക്സ് ഉത്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ഇന്ത്യൻ ഇ-കൊമേഴ്‌സ് വ്യവസായത്തിൽ വിജയപ്രതീക്ഷയില്ലാത്ത സ്ഥാപനങ്ങളിൽ ഒന്നായി ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്ന കമ്പനിയാണ് നൈക. ഇന്ന് രാജ്യമാകെ 15,000-ത്തോളം പിൻകോഡുകളിൽ നൈക ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 2020 മെയ് മാസത്തിലാണ് യൂണികോൺ പദവി നേടിയത്. മിന്ത്ര, പർപ്പിൾ, ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വിപണന കേന്ദ്രങ്ങളുമായാണ് നൈകയുടെ മത്സരം.