പാകിസ്ഥാനില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷം; ഭക്ഷ്യ വസ്തുക്കൾക്കായി പരസ്പരം ഏറ്റുമുട്ടി ആളുകൾ

കറാച്ചി: പാകിസ്ഥാനിൽ ഭക്ഷ്യ, ശുദ്ധജല ക്ഷാമം രൂക്ഷം. പെഷവാറിൽ സൗജന്യ ധാന്യ വിതരണത്തിനെത്തിയ ട്രക്കുകൾ തടഞ്ഞുനിർത്തി ആളുകൾ ചാക്കുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും റേഷൻ കിട്ടാത്തവർ ദേശീയപാത ഉപരോധിച്ചു. പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യവസ്തുക്കൾ വാങ്ങാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടതായും വാർത്തകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സ്ത്രീകളടക്കം 11 പേരാണ് മരിച്ചത്. ഫാസിലബാദ്, മുള്‍ട്ടന്‍ പ്രദേശങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് 60 പേർക്ക് പരിക്കേറ്റു. ധാന്യ ചാക്കുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത്, സൗജന്യ ധാന്യങ്ങളുടെ വിതരണത്തിനുള്ള സമയം നിശ്ചയിച്ചിരുന്നുവെങ്കിലും വലിയ ജനക്കൂട്ടം എത്തുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സൈന്യത്തിന്‍റെ ഇടപെടലിനെതിരെയും പ്രതിഷേധം ശക്തമാണ്. ജലക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാർ അന്താരാഷ്ട്ര ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts