ലൈംഗിക കുറ്റവാളികളെ രാസ വന്ധ്യംകരണത്തിന് വിധേയമാക്കാൻ പാകിസ്താൻ
ഒന്നിലധികം തവണ ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളികളെ രാസ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള ബിൽ പാകിസ്താൻ പാസാക്കി. രാജ്യത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ സമീപകാലത്തായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമ നിർമാണം നടന്നിരിക്കുന്നത്. പാകിസ്താൻ ദേശീയ അസംബ്ലിയാണ് ബിൽ പാസാക്കിയത്.
ലൈംഗിക അതിക്രമ കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ രാജ്യവ്യാപകമായി പ്രത്യേക കോടതികൾ സ്ഥാപിക്കും. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷാവിധി പ്രഖ്യാപിക്കും. കൂട്ടബലാത്സംഗ കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.
ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും ചില അമേരിക്കൻ സംസ്ഥാനങ്ങളിലും കെമിക്കൽ കാസ്ട്രേഷൻ അഥവാ രാസ വന്ധ്യംകരണം നിയമപരമായ ശിക്ഷാരീതിയാണ്.