ശബാന ആസ്മിക്ക് ഇന്ന് 71-ാം പിറന്നാൾ
രാജ്യം കണ്ട എക്കാലത്തേയും മികച്ച അഭിനേത്രിമാരിൽ ഒരാളായ ശബാന ആസ്മിക്ക് ഇന്ന് 71-ാം പിറന്നാൾ ദിനം. നാലു പതിറ്റാണ്ടായി അഭിനയ രംഗത്ത് തുടരുന്ന അവർ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ആക്റ്റിവിസ്റ്റ് കൂടിയാണ്. 'അങ്കുർ ', 'അർത്ഥ് ', 'ഗന്ധാർ', 'പാർ', 'ഗോഡ്മദർ' എന്നീ ചിത്രങ്ങളിലൂടെ അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അവരെ തേടിയെത്തിയത്.
പ്രശസ്ത കവി കൈഫി ആസ്മിയുടെയും തിയേറ്റർ ആർടിസ്റ്റായ ഷൗക്കത്ത് കൈഫിയുടെയും മകളായി 1950 ൽ ഇന്നത്തെ തെലങ്കാനയിലാണ് ശബാനയുടെ ജനനം. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് ജീവിത പങ്കാളി. 1984 ലാണ് ഇരുവരും ഒന്നിച്ചത്. ദമ്പതികൾക്ക് മക്കളില്ല. ഫർഹാൻ അക്തർ, സോയ അക്തർ എന്നിവർ ജാവേദ് അക്തറിൻ്റെ ആദ്യ വിവാഹത്തിലെ മക്കളാണ്. പ്രശസ്ത അഭിനേത്രി തബു അനന്തിരവളാണ്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അഞ്ചു തവണ നേടിയിട്ടുള്ള നടിക്ക് അഞ്ചു തവണ ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. 1988 ൽ പത്മശ്രീയും 2012 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 1997 മുതൽ 2003 വരെ രാജ്യസഭാംഗമായിരുന്നു. 'ലിബാസ് ', 'പതങ്ങ് ', 'ഫയർ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ലെസ്ബിയൻ പ്രണയ കഥ പറയുന്ന 'ശീർ ഖുർമ', ഡിസ്നി ഹോട്ട് സ്റ്റാർ സീരീസ് ആയ 'ദി എമ്പയർ' എന്നിവയാണ് ഒടുവിലായി പുറത്തുവന്ന ചിത്രങ്ങൾ. കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. രൺബീർ സിങ്ങ്, ആലിയ ഭട്ട്, ധർമേന്ദ്ര, ജയാ ബച്ചൻ എന്നിവരും ചിത്രത്തിലുണ്ട്.