ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാക്കൾ പിടിയിൽ

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഇരുവരും ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയത്. യുവാക്കൾ മന്നത്തിന് സമീപം കറങ്ങി നടക്കുന്നത് കണ്ട ഷാരൂഖിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച മന്നത്തിന്‍റെ ഹൗസ് മാനേജർ ഇരുവരെയും ബാന്ദ്ര പൊലീസിന് കൈമാറി. അറസ്റ്റിലായ യുവാക്കൾ ഷാരൂഖ് ഖാന്‍റെ ആരാധകരാണ്. യുവാക്കൾ മന്നത്തിന്‍റെ കോമ്പൗണ്ട് മതിലിൽ പ്രവേശിച്ചപ്പോൾ ഷാരൂഖ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് നടനോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് തിരിച്ചെത്തിയത്. ഉടനെ ഉറങ്ങാനും പോയി. ശേഷമാണ് വീടിന് സമീപം ഒളിച്ചിരുന്ന രണ്ട് ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. മന്നത്തിന് പിന്നിലെ മതിൽ ചാടിയാണ് യുവാക്കൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്ത ശേഷം തങ്ങൾ ഷാരൂഖ് ഖാന്‍റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാൻ എത്തിയതാണെന്നും യുവാക്കൾ തന്നെ പറഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ മന്നത്തിൽ എത്തുന്ന ആരാധകരെ ഷാരൂഖ് ഖാൻ നേരിട്ട് അഭിവാദ്യം ചെയ്യാറുണ്ട്.



Related Posts