ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളിൽ ചിത്രീകരിച്ച് ഷാരൂഖ് ഖാൻ്റെ പത്താൻ
സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോൺ ആണ് ചിത്രത്തിൽ കിങ്ങ് ഖാൻ്റെ നായികയാവുന്നത്. ജോൺ അബ്രഹാമും സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കെട്ടിലും മട്ടിലുമെല്ലാം മാസ് എൻ്റർടെയ്നർ ആയി പുറത്തിറക്കുന്ന പത്താൻ്റെ ചിത്രീകരണം സ്പെയിനിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഇന്നേവരെ ചിത്രീകരിച്ചിട്ടില്ലാത്ത അതിമനോഹരമായ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
സ്‌പെയിനിലെ മെഡിറ്ററേനിയൻ തീര ദ്വീപായ മല്ലോർക്കയിൽ ചിത്രീകരിക്കുന്ന ആദ്യത്തെ ബോളിവുഡ് സിനിമയാണ് പത്താൻ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. തെക്കൻ സ്‌പെയിനിലെ ആൻഡലൂഷ്യൻ മേഖലയിലുള്ള കാഡിസ്, ജെറസ് എന്നീ പ്രദേശങ്ങളിലും ചിത്രീകരണം നടക്കും. സാഹസിക സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഇവിടെ വെച്ചാണ് ചിത്രീകരിക്കുന്നത്.
സിദ്ധാർഥ് ആനന്ദ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഷാരൂഖ് ഖാന് വേണ്ടി ഒരു കിടിലൻ ദൃശ്യവിസ്മയം തന്നെ സമ്മാനിക്കാനാണ് ആനന്ദ് ലക്ഷ്യമിടുന്നത്.