ശാകുന്തളം ഫസ്റ്റ് ലുക്ക് പുറത്ത്; ശകുന്തളയായി സാമന്ത

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുഗ് ചിത്രമാണ് ശാകുന്തളം. കാളിദാസൻ്റെ ശാകുന്തളത്തെ ആധാരമാക്കി പ്രശസ്ത സംവിധായകൻ ഗുണശേഖർ ഒരുക്കുന്ന ചിത്രത്തിൽ സാമന്തയാണ് കേന്ദ്ര കഥാപാത്രമായ ശകുന്തളയെ അവതരിപ്പിക്കുന്നത്.

1997-ൽ ഗുണശേഖറിൻ്റെ സംവിധാനത്തിൽ പുറത്തുവന്ന രാമായണം വലിയ വിജയം നേടിയിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. ദേവ് മോഹൻ ആണ് ശാകുന്തളത്തിൽ ദുഷ്യന്തൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അൽപ്പസമയം മുമ്പാണ് പുറത്തുവിട്ടത്. കാടിനുള്ളിൽ മാനും മയിലും മുയലും അരയന്നവും ചുറ്റിലുമുള്ളപ്പോൾ ആരെയോ തിരയുന്ന ഭാവത്തോടെ ശിലയിൽ ഇരിക്കുന്ന ശകുന്തളയെ ആണ് പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുള്ളത്.

ഗുണ ടീം വർക്സിൻ്റെ ബാനറിൽ നീലിമ ഗുണ നിർമിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് സംവിധായകനായ ഗുണശേഖർ തന്നെയാണ്. ഛായാഗ്രഹണം ശേഖർ വി ജോസഫും എഡിറ്റിങ്ങ് പ്രവീൺ പുഡിയും നിർവഹിക്കുന്നു. സംഗീതം മണി ശർമ.

രാമോജി ഫിലിം സിറ്റി, അനന്തഗിരി മലനിരകൾ, ഗാണ്ഡി പേട്ട് തടാകം ഉൾപ്പെടെ അനവധി ലൊക്കേഷനുകളിൽ നിരവധി ഷെഡ്യൂളുകളിലായാണ് സിനിമ ചിത്രീകരിച്ചത്. ശകുന്തളയുടെ പ്രിയ തോഴി അനസൂയയായി അദിതി ബാലനും ദുർവാസാവ് മഹർഷിയായി മോഹൻ ബാബുവും വേഷമിടുന്ന ചിത്രത്തിൽ അനന്യ നാഗല്ല, പ്രകാശ് രാജ്, ഗൗതമി, കബീർ ബേഡി, മധു ബാല, കബീർ ദുഹൻ സിങ്ങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്ലു അർജുൻ്റെ മകൾ അല്ലു അർഹയാണ് ഭരത രാജകുമാരനായി എത്തുന്നത്.

Related Posts