ശാലിനി ട്വിറ്ററിലില്ല, അത് വ്യാജമാണ്; വ്യക്തമാക്കി അജിത്തിന്റെ മാനേജർ
തമിഴിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. തനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലെന്ന് അജിത്ത് കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിനുവേണ്ടി അദ്ദേഹത്തിന്റെ മാനേജരാണ് ആരാധകരോട് സംസാരിക്കാറുള്ളത്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുന്ന വ്യക്തിയാണ് അജിത്തിന്റെ ഭാര്യയും മുൻ നടിയുമായ ശാലിനി. എന്നാൽ ശാലിനിയുടേതാണെന്ന തരത്തിൽ ട്വിറ്ററിൽ ഒരു അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. നിരവധി ഫോളോവേഴ്സുള്ള അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അജിത്തിന്റെ മാനേജർ.
ശാലിനിയുടെ പേരിൽ വ്യാജ അക്കൗണ്ട്
ശാലിനി അജിത്ത് കുമാറിന്റെ പേരിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ട്. ശാലിനി ട്വിറ്ററിൽ ഇല്ലെന്ന് വ്യക്തമാക്കുകയാണ്. ദയവായി ആ അക്കൗണ്ട് അവഗണിക്കുക.- അജിത്തിന്‍റെ മാനേജരായ സുരേഷ് ചന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ശാലിനിയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് 13,000ല്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. 2010 ഡിസംബറില്‍ തുടങ്ങിയ അക്കൗണ്ട് ആണിത്. ആരെയും ഫോളോ ചെയ്യാത്ത ഈ അക്കൗണ്ടില്‍ നിന്ന് ഒരു ട്വീറ്റ് പോലും ചെയ്‍തിട്ടുമില്ല.
അജിത് സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ തന്നെ താരത്തിന്റെ പേരിൽ ഫാൻ പേജുകളാണ് സജീവമായിട്ടുള്ളത്. 'വലിമൈ' ആണ് അജിത്തിന്‍റെ അടുത്ത റിലീസ്. എന്നൈ അറിന്താലിനു ശേഷം അജിത്ത് കുമാര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 13ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂന്നാംതരംഗം കാരണം നീട്ടിവെക്കുകയായിരുന്നു. ചിത്രം ഈ മാസം 24ന് തിയറ്ററുകളിലെത്തും.