ശങ്കർ മോഹന് പകരം ഷിബു അബ്രഹാം; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി താൽക്കാലിക നിയമനം
തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ദൈനംദിനവും ഭരണപരവുമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് താൽക്കാലിക ചുമതല നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ജാതി വിവേചനം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട ഡയറക്ടർ ശങ്കർ മോഹൻ അധികാരത്തിൽ നിന്ന് പടിയിറങ്ങാതെ ഒടുവിൽ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ട് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമർപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ശങ്കർ മോഹൻ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്. എന്നാൽ രാജി പ്രഖ്യാപിച്ചതിനു ശേഷവും ശങ്കർ മോഹൻ സ്വയം ന്യായികരിക്കുകയായിരുന്നു. രാജി വെച്ചെങ്കിലും വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കർ മോഹൻ പറഞ്ഞു. സർക്കാർ തലത്തിൽ ആരും തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കാലാവധി അവസാനിച്ചതാണ് രാജിക്ക് കാരണമെന്നും ശങ്കർ മോഹൻ വ്യക്തമാക്കി.