കൊവിഡ് ചികിത്സയിൽ വീഴ്ചയെ തുടർന്ന് ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു.
കൊവിഡ് ചികിത്സയിൽ വീഴ്ച ; ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു.
ചേർപ്പ്:
കൊവിഡ് ചികിത്സയിൽ വീഴ്ചയെ തുടർന്ന് തൃശ്ശൂർ വല്ലച്ചിറയിലെ സ്വകാര്യ സ്ഥാപനമായ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസർ നേരിട്ടെത്തി അടപ്പിച്ചു. ഒരാഴ്ചയ്ക്കിടെ 3 കൊവിഡ് മരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. സാന്ത്വന പരിചരണം നൽകാനായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ പ്രവേശിപ്പിച്ചിരുന്നവരിൽ പലർക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും ശരിയായ ചികിത്സ നൽകിയിരുന്നില്ല.
കൊവിഡ് ബാധിതരുടെ വിവരങ്ങൾ ഇവർ ആരോഗ്യ വിഭാഗത്തിന് കൈമാറിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മൂന്നുപേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിൽ കൊല്ലം സ്വദേശിയായ ഒരാളുടെ മൃതദേഹം കൊവിഡ് നെഗറ്റീവ് എന്ന് ധരിപ്പിച്ചാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ബന്ധുക്കൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി.
ബുധനാഴ്ച ഡിഎംഒ ഡോക്ടർ റജീന സ്ഥാപനത്തിൽ നേരിട്ടെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതര വീഴ്ച്ച കണ്ടെത്തിയത്. സ്ഥാപനത്തിൽ ആകെയുള്ള ഒരു ഡോക്ടർ കഴിഞ്ഞ ഒരു മാസത്തിലധികമായി കൊവിഡ് ബാധയെ തുടർന്ന് വരുന്നില്ല.
കൊവിഡ് ബാധിച്ചവരിൽ ബാക്കിയുണ്ടായിരുന്ന 9 പേരെ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സ്ഥാപനത്തിൽ പരിചരണത്തിലുണ്ടായിരുന്ന മറ്റ് രോഗികളെയും കൂട്ടിരിപ്പുകാരെയും അവിടെത്തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. ഗുരുതര രോഗമില്ലാത്ത മറ്റുള്ളവരെ അവരവരുടെ വീടുകളിലേയ്ക്ക് അയച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ടി സജീവൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.