കലയ്ക്ക് ഒരിടത്തും വിലക്കുകൾ ഉണ്ടാവരുതെന്ന് ശാരദക്കുട്ടി

കലയ്ക്ക് ഒരിടത്തും വിലക്കുകൾ ഉണ്ടാവരുതെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. ശാന്തിയും സമാധാനവും നൽകുന്ന ഇടങ്ങളാവണം ദേവാലയങ്ങൾ എന്നും അത്തരം വിശുദ്ധ ദേവാലയങ്ങളിലാണ് ദൈവം വസിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ എഴുത്തുകാരി പറഞ്ഞു. ദൈവത്തിനു മുന്നിൽ ഭൂമി മുഴുവൻ നിശ്ശബ്ദത പാലിക്കട്ടേ എന്ന് ഹീബ്രു ബൈബിളിലെ എട്ടാമത്തെ പുസ്തകമായ ബുക്ക്‌ ഓഫ് ഹബാക്കൂക്കില്‍ പറയുന്നുണ്ട്.

കൊരട്ടിമുത്തിയുടെ വിശുദ്ധ ദേവാലയത്തിൽ താൻ പോയെന്നും തന്റെ സ്ഥിരം അടയാളങ്ങളായ വലിയ പൊട്ടും കുറിയും അവിടെ തടസ്സമായില്ലെന്നും എഴുത്തുകാരി പറഞ്ഞു. വിശുദ്ധ ദേവാലയത്തിൻ്റെ മാർബിൾ തറയുടെ തണുപ്പിൽ മുട്ടുകുത്തി ശിരസ്സുമുട്ടിച്ച് പ്രാർഥിച്ചു. പൂവൻകുല നടയിൽ വെച്ച് മൗനമായി ഇരുന്നു. നിവേദ്യം വാങ്ങി മടങ്ങി.

ഭക്തി പോലെ തന്നെ കലയും നിശ്ശബ്ദമായി നടക്കുന്ന സമർപണമാണ്. മൂകാംബികാ ക്ഷേത്രനടയിൽ പാട്ടുപാടുമ്പോൾ ഗായകരുടെ കണ്ണു നിറഞ്ഞൊഴുകുന്നതു താൻ കണ്ടിട്ടുണ്ട്.

ഏറ്റവും മനോഹരമായ ദേവാലയ നാമമാണ് സങ്കടമോചന ക്ഷേത്രം എന്നത്. കബീർദാസും ബിസ്മില്ലാ ഖാനും സംഗീതമർച്ചിച്ച് സ്വയം സമർപിച്ച് ആരാധിച്ചിരുന്ന സങ്കടമോചൻ ക്ഷേത്രത്തിലും ഈയിടെ പോയിരുന്നു. ഇന്നും ക്ഷേത്രാരാധനയ്ക്കുള്ള നിവേദ്യ പുഷ്പങ്ങളും മധുരവും വിൽക്കുന്ന ഇസ്ലാംമത വിശ്വാസികളുടെ കടകളാണ് ക്ഷേത്രത്തിനടുത്തെ തെരുവുകളിൽ മുഴുവൻ. അതൊഴിച്ചാൽ വായിച്ചും അറിഞ്ഞും സങ്കടമോചന ക്ഷേത്രം മനസ്സിൽ പകർന്നിരുന്ന ശാന്തിയൊന്നും അവിടെ കണ്ടില്ല. കൃത്യമായിപ്പറഞ്ഞാൽ രാഷ്ട്രീയഹിന്ദുവിന്റെ ക്ഷേത്രമായി അത് മാറിക്കൊണ്ടിരിക്കുകയാണ്.

യഥാർഥ സങ്കടമോചനക്ഷേത്രങ്ങളാകണം ദേവാലയങ്ങൾ എന്ന് ശാരദക്കുട്ടി പറഞ്ഞു. കലയുടെ ശക്തിയാൽ മനുഷ്യർ വിനയ ശിരസ്കരാകണം. മദപ്പാടും മതപ്പാടുമിളകി കണ്ണുനിറഞ്ഞൊഴുകണം. സ്വന്തം നിസ്സാരതകൾ മനസ്സിലാക്കണം.

അഹന്തയില്ലാതെ, ഈഗോ മറന്ന് മനുഷ്യന് തല കുനിക്കാൻ കഴിയുന്ന അവസാന ഇടങ്ങളേയും കൂടി ഇല്ലാതാക്കരുത് എന്ന അഭ്യർഥനയോടെയാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Related Posts