സാഹിത്യ അക്കാദമിയുടെ പരിഗണനാ ലിസ്റ്റിൽ പെട്ടതിന്റെ സന്തോഷത്തിൽ ഫ്ലക്സ് വെയ്ക്കുന്നവരെ പരിഹസിക്കരുതെന്ന് ശാരദക്കുട്ടി
എസ് എസ് എൽ സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയതിന് ഫ്ലക്സ് വെയ്ക്കുന്നവരെയും സാഹിത്യ അക്കാദമിയുടെ പരിഗണനാ ലിസ്റ്റിൽ പെട്ടതിന്റെ സന്തോഷത്തിൽ ഫ്ലക്സ് വെയ്ക്കുന്നവരെയും പരിഹസിക്കരുതെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി.
എല്ലാവരും കുഞ്ഞുങ്ങളാണെന്നും സന്തോഷിക്കട്ടെ എന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു. ഫേസ്ബുക്ക് നിറയെ എഴുത്തുകാരുടെ ഫ്ലക്സുകൾ ആണ്. അഞ്ചാമത്, ആറാമത്, പത്താമത് എന്നിങ്ങനെ അത് കാണാമെന്നും കുറിപ്പിലുണ്ട്.
രസകരമായ പ്രതികരണങ്ങളാണ് കുറിപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ഫ്ലക്സ് വെപ്പ് കാണുന്നതെന്ന് ചിലർ പ്രതികരിച്ചിട്ടുണ്ട്. എന്തൊരു ബോറൻമാർ എന്നാണ് മറ്റൊരു പ്രതികരണം. ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പോലെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും എന്നാണ് ചിലർ പറയുന്നത്. അക്കാദമി അവാർഡ് പോലെ ഇത്ര ഉളുപ്പുകെട്ട ഒന്ന് വേറെയില്ലെന്നാണ് നിരൂപകൻ ഷാജി ജേക്കബ്ബിന്റെ പ്രതികരണം. കൊളളാവുന്നവർക്ക് സമാശ്വാസ എൻഡോവ്മെന്റും മൂടുതാങ്ങികൾക്ക് ഒറിജിനലും നൽകുന്ന ബുൾ ഷിറ്റാണ് അക്കാദമി അവാർഡെന്നും അദ്ദേഹം പരിഹസിക്കുന്നു.